ജനീവ: പശ്ചിമേഷ്യയിൽ തുടരുന്ന അതിരൂക്ഷമായ സൈനിക സംഘർഷത്തെത്തുടർന്ന് ലോകത്തെ പ്രധാന സമുദ്രപാതകളിലൊന്നായ ഹോർമുസ് കടലിടുക്കിൽ രണ്ടായിരത്തോളം കപ്പലുകളും ഇരുപതിനായിരത്തോളം നാവികരും കുടുങ്ങിക്കിടക്കുന്നതായി അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷൻ (IMO) അറിയിച്ചു. ഇറാനും അമേരിക്ക-ഇസ്രായേൽ സഖ്യവും തമ്മിലുള്ള യുദ്ധം മൂലം കപ്പലുകൾക്ക് പുറത്തേക്ക് കടക്കാൻ കഴിയാത്ത സാഹചര്യം നിലനിൽക്കുന്നത് ആഗോള കപ്പൽ ഗതാഗതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. ആഴ്ചകളോളം കപ്പലുകളിൽ തുടരുന്നത് നാവികരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതായും, കടുത്ത സമ്മർദ്ദവും ക്ഷീണവും ഇവർ അനുഭവിക്കുന്നതായും ഐ.എം.ഒ സെക്രട്ടറി ജനറൽ ആഴ്സനിയോ ഡൊമിംഗസ് വ്യക്തമാക്കി. കപ്പലുകളിലെ അവശ്യസാധനങ്ങളുടെ കുറവും ഇൻഷുറൻസ് കമ്പനികൾ നഷ്ടപരിഹാരം നൽകാൻ വിമുഖത കാണിക്കുന്നതും പ്രതിസന്ധി ഇരട്ടിയാക്കുന്നുണ്ട്.
നിലവിലെ സാഹചര്യത്തിൽ നാവികരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണന നൽകുന്നതെന്നും ഇതിനായി മാനുഷിക ഇടനാഴി സ്ഥാപിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഐ.എം.ഒ വ്യക്തമാക്കി. ലോകം മറ്റൊരു വലിയ യുദ്ധത്തിന്റെ വക്കിലാണെന്നും ഇറാനെതിരായ സൈനിക നീക്കങ്ങൾ അവസാനിപ്പിച്ച് നയതന്ത്ര ചർച്ചകൾക്ക് വഴിമാറണമെന്നും യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും ആവശ്യപ്പെട്ടു. ഹോർമുസ് കടൽപ്പാതയിലൂടെയുള്ള ഗതാഗതം ഏകദേശം 95 ശതമാനത്തോളം കുറഞ്ഞത് ആഗോള എണ്ണ വിപണിയെയും ചരക്ക് നീക്കത്തെയും വലിയ തോതിൽ ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.



