ഗുവാഹത്തി: അസമിലെ കൊക്രജാറിൽ ഗോവധം ആരോപിച്ച് മുസ്ലിം കുടുംബങ്ങളുടെ വീടുകൾക്ക് നേരെ ജനക്കൂട്ടത്തിന്റെ വ്യാപക അക്രമം. ഗ്രാമവാസിയായ ഒരാളുടെ വീട്ടുമുറ്റത്ത് മാംസാവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന പ്രചരണത്തെത്തുടർന്നാണ് ഒരു കൂട്ടം ആളുകൾ അക്രമാസക്തരായത്. സ്ഥലത്തെത്തിയ പൊലീസിന്റെ സാന്നിധ്യത്തിൽ പോലും അക്രമികൾ വീടുകൾ തകർക്കുകയും മേൽക്കൂരയും വീട്ടുപകരണങ്ങളും നശിപ്പിക്കുകയും ചെയ്തു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. എന്നാൽ, ഇത് ബോധപൂർവം ആരെങ്കിലും കൊണ്ടിട്ടതാകാമെന്നും അല്ലെങ്കിൽ സമീപത്തെ വിവാഹ ചടങ്ങിൽ നിന്ന് തെരുവുനായ്ക്കൾ കൊണ്ടുവന്നതാകാമെന്നുമാണ് നാട്ടുകാരുടെ പ്രാഥമിക നിഗമനം.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് സ്ത്രീകളടക്കം ഏഴ് പേരെ പൊലീസ് ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മേഖലയിൽ കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കാൻ കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയതായും നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.



