വാഷിംഗ്ടൺ ഡി.സി.: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങൾക്കും ഇറാനുമായുള്ള യുദ്ധത്തിനുമെതിരെ ‘നോ കിംഗ്‌സ്’ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ശനിയാഴ്ച അമേരിക്കയിലുടനീളം വൻ പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്നു. രാജ്യത്തെ 50 സംസ്ഥാനങ്ങളിലായി മൂവായിരത്തിലധികം കേന്ദ്രങ്ങളിലാണ് ജനങ്ങൾ തെരുവിലിറങ്ങുന്നത്. 2025 ജൂണിലും ഒക്ടോബറിലും നടന്ന പ്രതിഷേധങ്ങളിൽ യഥാക്രമം 50 ലക്ഷവും 70 ലക്ഷവും ആളുകൾ പങ്കുചേർന്നിരുന്നു. എന്നാൽ ഇത്തവണ ഒമ്പത് ദശലക്ഷത്തിലധികം ആളുകൾ പങ്കുചേരുമെന്നും ഇത് അമേരിക്കൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിഷേധമായി മാറുമെന്നുമാണ് സംഘാടകരുടെ വിലയിരുത്തൽ.
ട്രംപ് ഭരണകൂടത്തിന്റെ കർശനമായ കുടിയേറ്റ വിരുദ്ധ നയങ്ങൾ, ഐ.സി.ഇ ഏജന്റുമാരുടെ വെടിവെപ്പിൽ മിനിയാപൊളിസിൽ രണ്ട് പ്രതിഷേധക്കാർ കൊല്ലപ്പെട്ട സംഭവം, ഇറാനുമായുള്ള യുദ്ധം എന്നിവയ്‌ക്കെതിരായാണ് ഈ ജനമുന്നേറ്റം. വാഷിംഗ്ടൺ ഡി.സി., മിനിയാപൊളിസ്, ചിക്കാഗോ, സാൻഫ്രാൻസിസ്കോ തുടങ്ങിയ പ്രധാന നഗരങ്ങളിൽ വൻ റാലികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. മിനിയാപൊളിസിലെ റാലിയിൽ പ്രശസ്ത ഗായകൻ ബ്രൂസ് സ്പ്രിംഗ്സ്റ്റീൻ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കും. വളരെ കുറഞ്ഞ ജനസംഖ്യയുള്ള വെർമോണ്ട് പോലുള്ള ചെറിയ സംസ്ഥാനങ്ങളിൽ പോലും നാൽപ്പതിലധികം സ്ഥലങ്ങളിൽ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്.
ഫെബ്രുവരി 28-ന് ആരംഭിച്ച ഇറാൻ യുദ്ധം ആഗോളതലത്തിൽ ഇന്ധനവില വർദ്ധനവിനും സാമ്പത്തിക പ്രതിസന്ധിക്കും കാരണമായ സാഹചര്യത്തിൽ, യുദ്ധം അവസാനിപ്പിക്കുക, സൈന്യത്തെ പിൻവലിക്കുക എന്നീ ആവശ്യങ്ങളും പ്രതിഷേധക്കാർ ഉയർത്തുന്നുണ്ട്. ‘അമേരിക്ക ഭരിക്കുന്നത് രാജാക്കന്മാരല്ല, ജനങ്ങളാണ്’ എന്ന മുദ്രാവാക്യമുയർത്തി ഇൻഡിവിസിബിൾ, എ.സി.എൽ.യു തുടങ്ങിയ മുന്നൂറിലധികം സംഘടനകളാണ് ഈ പ്രതിഷേധത്തിന് പിന്നിൽ അണിനിരക്കുന്നത്. വരാനിരിക്കുന്ന നവംബർ മിഡ്‌ടേം തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണകൂടത്തിന് മേൽ വലിയ സമ്മർദ്ദം ചെലുത്താൻ ഈ ജനമുന്നേറ്റത്തിന് സാധിക്കുമെന്നാണ് നിരീക്ഷകർ കരുതുന്നത്.



