വാഷിങ്ടൺ: ഇറാനിലെ മുതിർന്ന രാഷ്ട്രീയ-സൈനിക നേതൃത്വത്തെ പൂർണ്ണമായും ഇല്ലാതാക്കിയെന്ന വമ്പൻ അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മിയാമിയിൽ നടന്ന ‘ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ്’ ഉച്ചകോടിയിൽ സംസാരിക്കവെയാണ്, ഇറാനിൽ ഇപ്പോൾ പ്രവർത്തനക്ഷമമായ ഒരു പരമോന്നത നേതാവില്ലെന്നും മുജ്തബ ഖാംനഈ കൊല്ലപ്പെടുകയോ അതീവ ഗുരുതരാവസ്ഥയിലോ ആണെന്നും ട്രംപ് വെളിപ്പെടുത്തിയത്. യുഎസ് സൈനിക നടപടിയിലൂടെ ഇറാന്റെ വ്യോമ പ്രതിരോധം, ആശയവിനിമയ സംവിധാനങ്ങൾ, മിസൈൽ-ഡ്രോൺ നിർമ്മാണ ശാലകൾ എന്നിവ പൂർണ്ണമായും തകർത്തതായും അദ്ദേഹം അവകാശപ്പെട്ടു. ഇറാന്റെ നാവികസേന ഗൾഫിന്റെ അടിത്തട്ടിലായെന്നും വ്യോമസേനയും പ്രതിരോധ വ്യവസായ അടിത്തറയും തകർക്കപ്പെട്ടതായും പറഞ്ഞ ട്രംപ്, ആണവായുധ നിർമ്മാണത്തിന് തൊട്ടടുത്തെത്തിയ ഇറാന്റെ പദ്ധതികളെ യുഎസ് ആക്രമണം വർഷങ്ങൾ പിന്നിലാക്കിയെന്നും കൂട്ടിച്ചേർത്തു.
തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്കിനെ തന്റെ പേരുമായി ചേർത്ത് ‘ട്രംപ് കടലിടുക്ക്’ എന്ന് പ്രസംഗത്തിനിടെ വിശേഷിപ്പിച്ച അദ്ദേഹം, ഈ സമുദ്രപാത തുറന്നുകൊടുക്കുന്നത് ഇറാനുമായുള്ള ഏതൊരു കരാറിലും പ്രധാന വ്യവസ്ഥയായിരിക്കുമെന്ന് വ്യക്തമാക്കി. ഇറാൻ വിഷയത്തിൽ അമേരിക്കയെ സഹായിക്കാത്ത നാറ്റോയെ ‘കടലാസ് കടുവ’ എന്ന് രൂക്ഷമായി പരിഹസിച്ച ട്രംപ്, അടുത്ത സൈനിക നടപടി ക്യൂബക്കെതിരെയാകുമെന്ന സൂചനയും നൽകി. അതേസമയം, സമാധാന ചർച്ചകൾക്കായി ഊർജ്ജനിലയങ്ങൾക്കുമേലുള്ള ആക്രമണം പത്ത് ദിവസത്തേക്ക് കൂടി നിർത്തിവെച്ചതായി പ്രഖ്യാപിച്ചെങ്കിലും, മറുവശത്ത് 10,000 അധിക സൈനികരെ പശ്ചിമേഷ്യയിലേക്ക് അയക്കാനുള്ള വൈറ്റ് ഹൗസിന്റെ നീക്കം ഒരു കരയാക്രമണത്തിനുള്ള മുന്നൊരുക്കമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ വിലയിരുത്തുന്നു.
സംഘർഷം 28 ദിവസം പിന്നിടുമ്പോൾ മേഖലയിൽ ആക്രമണ പ്രത്യാക്രമണങ്ങൾ അതിരൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇറാനിലും ലെബനാനിലുമായി എൺപതിലധികം പേർ കൊല്ലപ്പെട്ടു. വിട്ടുവീഴ്ചക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന ഇറാൻ, ഹുർമുസ് കടലിടുക്കിൽ ശത്രു രാജ്യങ്ങളുടെ കപ്പലുകൾക്ക് വിലക്കേർപ്പെടുത്തുകയും റിയാദിനെയും ടെൽ അവീവിനെയും ലക്ഷ്യമിട്ട് പ്രത്യാക്രമണ ഭീഷണി മുഴക്കുകയും ചെയ്തിട്ടുണ്ട്. ഈ മാസം അവസാനത്തോടെ ഒരു സമാധാന കരാറിലെത്താൻ കഴിയുമെന്ന പ്രതീക്ഷയിൽ ചൈനയുമായി ചേർന്ന് പാകിസ്താൻ നയതന്ത്ര ചർച്ചകൾ സജീവമാക്കിയിട്ടുണ്ട്.



