21.7 C
Saudi Arabia
Saturday, March 28, 2026
spot_img

തെരഞ്ഞെടുപ്പ് കമീഷൻ സർക്കുലറിലെ ബി.ജെ.പി സീൽ; ഐ.എ.എസ് ഉദ്യോഗസ്ഥനടക്കം രണ്ട് പേർക്കെതിരെ കൂടി നടപടി

തിരുവനന്തപുരം: രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച ഔദ്യോഗിക സർക്കുലറിൽ ബി.ജെ.പിയുടെ സീൽ പതിഞ്ഞ സംഭവത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിലെ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ കൂടി നടപടി സ്വീകരിച്ചു. ഡെപ്യൂട്ടി സി.ഇ.ഒ മിഷൽ സാഗർ ഭരത് (ഐ.എ.എസ്), സെക്ഷൻ ഓഫീസർ എന്നിവരെയാണ് തെരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് നീക്കം ചെയ്തത്. ഇവരെ ഇരുവരെയും തങ്ങളുടെ മാതൃ ഓഫീസുകളിലേക്ക് മടക്കി അയക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഉത്തരവിട്ടു. ബന്ധപ്പെട്ട ഫയൽ കൈകാര്യം ചെയ്യുന്നതിൽ ഇവർക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ ഒരു അസിസ്റ്റന്റ് സെക്ഷൻ ഓഫീസറെ സസ്പെൻഡ് ചെയ്തിരുന്നു.

കേരള നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ നടന്ന ഈ സംഭവം വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരുന്നു. ഔദ്യോഗിക രേഖകളിൽ രാഷ്ട്രീയ പാർട്ടിയുടെ സീൽ പതിഞ്ഞത് ഗൗരവകരമായ പിഴവാണെന്നും തെരഞ്ഞെടുപ്പ് കമീഷൻ പക്ഷപാതപരമായി പെരുമാറുന്നുവെന്നും ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. എന്നാൽ ഇതൊരു ക്ലറിക്കൽ പിഴവാണെന്നാണ് അധികൃതരുടെ വിശദീകരണം. സംഭവം വിവാദമായതോടെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഇടപെട്ട് അന്വേഷണം നടത്തുകയും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുകയുമായിരുന്നു.

 

Related Articles

- Advertisement -spot_img

Latest Articles