27.9 C
Saudi Arabia
Friday, April 3, 2026
spot_img

അമേരിക്കൻ സൈനിക തലപ്പത്ത് വൻ അഴിച്ചുപണി: കരസേനാ ചീഫ് ഓഫ് സ്റ്റാഫിനെ പുറത്താക്കി പീറ്റ് ഹെഗ്‌സെത്ത്

വാഷിങ്ടൺ: അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് യുഎസ് കരസേനാ ചീഫ് ഓഫ് സ്റ്റാഫ് ജനറൽ റാൻഡി ജോർജിനെ സ്ഥാനത്തുനിന്ന് നീക്കി. ഇറാനുമായുള്ള യുദ്ധം തുടരുന്ന നിർണായക സാഹചര്യത്തിലാണ് സൈനിക തലപ്പത്തെ ഈ അപ്രതീക്ഷിത നടപടി. ജനറൽ റാൻഡി ജോർജ് ഉടനടി വിരമിക്കുമെന്ന് പെന്റഗൺ വക്താവ് സീൻ പാർനൽ അറിയിച്ചു. റാൻഡി ജോർജിനൊപ്പം മറ്റു രണ്ട് മുതിർന്ന ജനറൽമാരായ ഡേവിഡ് ഹോഡ്‌നെ, വില്യം ഗ്രീൻ ജൂനിയർ എന്നിവരെയും ചുമതലകളിൽ നിന്ന് നീക്കിയിട്ടുണ്ട്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും പ്രതിരോധ സെക്രട്ടറിയുടെയും കാഴ്ചപ്പാടുകൾക്കനുസരിച്ച് സൈന്യത്തെ ഉടച്ചുവാർക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

2023-ൽ ബൈഡൻ ഭരണകൂടത്തിന് കീഴിലാണ് റാൻഡി ജോർജ് കരസേനാ തലവനായി നിയമിതനായത്. 2027 വരെ കാലാവധിയുണ്ടായിരുന്നെങ്കിലും കാലാവധി പൂർത്തിയാക്കുന്നതിന് മുൻപേ അദ്ദേഹത്തിന് സ്ഥാനം ഒഴിയേണ്ടി വന്നു. കഴിഞ്ഞ ജനുവരിയിൽ പീറ്റ് ഹെഗ്‌സെത്ത് ചുമതലയേറ്റ ശേഷം സൈനിക നേതൃത്വത്തിൽ നടത്തുന്ന ശുദ്ധീകരണ പ്രക്രിയയുടെ തുടർച്ചയായാണ് ഈ നീക്കം. തങ്ങളുടെ നയങ്ങളോട് പൂർണ്ണമായി സഹകരിക്കാത്ത ഉദ്യോഗസ്ഥരെ മാറ്റിനിർത്തുന്ന രീതിയാണ് നിലവിലെ പ്രതിരോധ വകുപ്പ് സ്വീകരിക്കുന്നത്. യുദ്ധസമയത്ത് സൈനിക തലപ്പത്ത് ഉണ്ടാകുന്ന ഇത്തരമൊരു മാറ്റം സേനയുടെ പ്രവർത്തനങ്ങളെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ വിവിധ കോണുകളിൽ നിന്ന് ആശങ്കകൾ ഉയരുന്നുണ്ട്.

 

Related Articles

- Advertisement -spot_img

Latest Articles