ജിദ്ദ: പ്രവാസി മലയാളികളുടെ തിരഞ്ഞെടുപ്പ് ആവേശം വാനോളം ഉയർത്തി ജിദ്ദയിൽ പ്രവാസി യു.ഡി.എഫ് മലപ്പുറം ജില്ലാ കമ്മറ്റി തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. ഷറഫിയ്യ സഫയർ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ കെ.എം.സി.സിയുടെയും ഒ.ഐ.സി.സിയുടെയും നൂറുകണക്കിന് പ്രവർത്തകരും അനുഭാവികളും പങ്കെടുത്തു. കഴിഞ്ഞ പത്തു വർഷമായി കേരളം ഭരിച്ചു കൊണ്ടിരിക്കുന്ന ഇടതുമുന്നണിയുടെ ജനദ്രോഹ നയങ്ങൾക്കും അഴിമതിക്കുമെതിരെ ശക്തമായ വിധിയെഴുത്ത് ഉണ്ടാകുമെന്ന് യോഗം വിലയിരുത്തി.
കേരളത്തിൽ നടക്കാൻ പോകുന്ന ജനാധിപത്യ രാഷ്ട്രീയ പോരാട്ടങ്ങളിൽ ഫലപ്രദമായി ഇടപെട്ടുകൊണ്ട് തങ്ങളാലാവും വിധം ഐക്യ ജനാധിപത്യ മുന്നണിയുടെ വൻ വിജയത്തിനു വേണ്ടി പ്രവർത്തിക്കുക എന്നതാണ് ലക്ഷ്യമെന്ന് സംഘടകർ ചൂണ്ടിക്കാട്ടി. സ്വന്തം നാടിനോടും നാട്ടിലെ ജനാധിപത്യ പ്രക്രിയയോടുമുള്ള പ്രവാസി സമൂഹത്തിന്റെ പ്രതിബദ്ധത വിളിച്ചോതുന്നതായിരുന്നു യുഡിഎഫ് കൺവെൻഷൻ. പ്രവാസി സമൂഹത്തെ പാടെ അവഗണിച്ച പിണറായി സർക്കാരിനെതിരെ ശക്തമായ വിധിയെഴുത്ത് ഉണ്ടാവണമെന്ന് യോഗത്തിൽ സംസാരിച്ചവർ ആഹ്വാനം ചെയ്തു.
പ്രവാസി സമൂഹത്തിന്റെ ഉന്നമനത്തിനും പ്രശ്നപരിഹാരങ്ങൾക്കും ഊന്നൽ നൽകുന്ന യുഡിഎഫിന്റെ പ്രകടനപത്രിക പ്രവാസികൾക്ക് വലിയ പ്രതീക്ഷകൾ നൽകുന്നവയാണ്. ക്രിയാത്മകമായ പ്രവാസി പുനരധിവാസം, ക്ഷേമ പദ്ധതികൾ, പെൻഷൻ വർദ്ധനവ്, പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പ്രത്യേക സ്റ്റാൻഡിങ് കമ്മിറ്റി എന്നിവ അടക്കമുള്ള ദീർഘകാല ആവശ്യങ്ങൾ പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയത് പ്രവാസികളോടുള്ള യുഡിഎഫിന്റെ പ്രതിബദ്ധത തെളിയിക്കുന്നതാണ്.
അഴിമതിയും കെട്ടുകാര്യസ്ഥിതിയും ധൂർത്തും മുഖമുദ്രയാക്കി 10 വർഷം കേരളത്തെ പിന്നോട്ട് നയിച്ച ഇടതുമുന്നണി സർക്കാറിന് ചരിത്രത്തിൽ തുല്യതയില്ലാത്ത തിരിച്ചടിയായിരിക്കും ഈ തെരഞ്ഞെടുപ്പിലൂടെ ലഭിക്കുക എന്നും യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. നൂറിലധികം സീറ്റുകൾ നേടി അതിശക്തമായി യുഡിഎഫ് ഭരണത്തിൽ തിരിച്ചുവരും എന്നും യോഗം വിലയിരുത്തി.
ജിദ്ദ പ്രവാസി യു.ഡി.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി കൺവീനർ ഇസ്മായിൽ മുണ്ടുപറമ്പിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി, സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി സെക്രട്ടറി നാസർ വെളിയംകോട് ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി ഗ്ലോബൽ അംഗം മുസ്തഫ പെരുവള്ളൂർ, ജിദ്ദ കെഎം.സി.സി ചെയർമാൻ ഇസ്മായിൽ മുണ്ടക്കുളം,സക്കീർ മാസ്റ്റർ എടവണ്ണ, അഷറഫ് അഞ്ചാലൻ (ഒഐസിസി) നാസർ മച്ചിങ്ങൽ,റസാഖ് മാസ്റ്റർ, (കെഎംസിസി) ഇസ്മയിൽ കൂരിപ്പൊയിൽ, ഫൈസൽ മക്കരപ്പറമ്പ്, ഫസലുള്ള വെള്ളുവമ്പലി (ഒഐസിസി )
കെ.കെ. മുഹമ്മദ്, അഷ്റഫ് മുല്ലപ്പള്ളി (കെഎംസിസി )എന്നിവർ സംസാരിച്ചു . ഇ.പി. മുഹമ്മദാലി സ്വാഗതവും അബുട്ടി പള്ളത്ത് നന്ദിയും പറഞ്ഞു. നാണി മാസ്റ്റർ, മുഹമ്മദ് പെരുമ്പിലായി, സൈദലവി പുളിയക്കോട്, കമാൽ കളപ്പാടൻ, യു.എം. ഹുസ്സൈൻ മലപ്പുറം, സൈഫു വാഴയിൽ, അനസ്, സിപി നാണി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.



