ഷാർജ: സാമ്പത്തിക പ്രതിസന്ധിയും നിയമനടപടികളും മൂലം ഒരു മാസത്തോളമായി ഷാർജയിൽ കുടുങ്ങിക്കിടന്ന മലയാളി യുവതിയുടെ മൃതദേഹം ഒടുവിൽ ജന്മനാട്ടിലെത്തിച്ചു. എറണാകുളം മട്ടാഞ്ചേരി സ്വദേശിനി സുമയ്യയുടെ (31) ഭൗതികദേഹമാണ് കഴിഞ്ഞ ദിവസം രാത്രി വൈകി എയർ അറേബ്യ വിമാനത്തിൽ കൊച്ചിയിലെത്തിച്ചത്. സന്ദർശക വിസയിൽ യുഎഇയിലെത്തിയ ഇവർ മാർച്ച് ഏഴിന് ഷാർജ കുവൈത്ത് ആശുപത്രിയിൽ വെച്ചാണ് അന്തരിച്ചത്. ആന്തരിക രക്തസ്രാവത്തെത്തുടർന്നുണ്ടായ ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് മെഡിക്കൽ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഫെബ്രുവരി 27-ന് ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇവർ, സുഹൃത്തുമായുണ്ടായ തർക്കത്തെത്തുടർന്ന് അണുനാശിനി കുടിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്ന് ഭർത്താവ് ഷമീർ പറയുന്നു.
വരാപ്പുഴ സ്വദേശിയായ ഭർത്താവിനും മൂന്ന് പിഞ്ചുമക്കൾക്കും (വയസ്സ് 10, 8, 5) ഭിന്നശേഷിക്കാരനായ പിതാവിനും മെച്ചപ്പെട്ട ജീവിതം നൽകുക എന്ന ലക്ഷ്യത്തോടെയാണ് സുമയ്യ അവസാനമായി വിദേശത്തേക്ക് തിരിച്ചത്. യുഎഇയിലെ ഡേ കെയറിൽ രണ്ട് വർഷത്തോളം ജോലി ചെയ്തിരുന്ന ഇവർക്ക് ലഭിക്കാനുള്ള പണം വാങ്ങുന്നതിനും പുതിയ ജോലി കണ്ടെത്താനുമായിരുന്നു ഈ യാത്ര. മരണത്തിന് തൊട്ടുമുമ്പ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോൾ പോലും ഫോണിലൂടെ തന്റെ മക്കളെ ഇംഗ്ലീഷ് പഠിപ്പിക്കാൻ സുമയ്യ ശ്രമിച്ചിരുന്നുവെന്നത് ഒരു വിങ്ങലായി അവശേഷിക്കുന്നു. അമ്മ മടങ്ങി വരുമെന്ന പ്രതീക്ഷയിൽ കഴിയുന്ന അഞ്ചുവയസ്സുകാരനായ ഇളയ മകന് സുമയ്യയുടെ വേർപാട് ഇന്നും ഉൾക്കൊള്ളാനായിട്ടില്ല.
സന്ദർശക വിസയിലായിരുന്നതിനാൽ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ഭീമമായ വിമാന ടിക്കറ്റ് നിരക്കും നിയമനടപടികളും ഈ നിർധന കുടുംബത്തിന് താങ്ങാവുന്നതിലപ്പുറമായിരുന്നു. ഒടുവിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഇടപെടലിനെത്തുടർന്നാണ് നടപടികൾ വേഗത്തിലായത്. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം പ്രവാസി പൊതുപ്രവർത്തകൻ സലാം പാപ്പിനിശ്ശേരിയുടെ നേതൃത്വത്തിലുള്ള സ്ഥാപനം നിയമപരമായ നൂലാമാലകൾ പൂർത്തിയാക്കുകയും മൃതദേഹം നാട്ടിലെത്തിക്കാനുള്ള മുഴുവൻ ചിലവുകളും ഏറ്റെടുക്കുകയും ചെയ്തതോടെയാണ് സുമയ്യയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകാൻ സാധിച്ചത്.



