റിയാദ്: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സങ്കീർണ്ണമായ സാഹചര്യത്തിൽ, സാമൂഹ്യമാധ്യമങ്ങളിലൂടെ ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് സുരക്ഷാ വിദഗ്ധരും അധികൃതരും നിർദ്ദേശിച്ചു. അശ്രദ്ധമായി പങ്കുവെക്കുന്ന ഓരോ വിവരവും സാധാരണക്കാരുടെ സുരക്ഷയെപ്പോലും ബാധിച്ചേക്കാമെന്ന് മുന്നറിയിപ്പുണ്ട്.
സാധാരണക്കാർ താമസിക്കുന്ന മേഖലകളിലെ ദൃശ്യങ്ങൾ പങ്കുവെക്കുമ്പോൾ അതിലെ കെട്ടിടങ്ങൾ, പാലങ്ങൾ, സൈൻ ബോർഡുകൾ തുടങ്ങിയ അടയാളങ്ങൾ വഴി കൃത്യമായ സ്ഥലം തിരിച്ചറിയാൻ സാധിക്കുമെന്നത് ആ പ്രദേശത്തെ കൂടുതൽ അപകടത്തിലാക്കുന്നു. സ്മാർട്ട്ഫോണുകളിൽ എടുക്കുന്ന ചിത്രങ്ങൾക്കൊപ്പം ജിയോ-ടാഗിംഗ് വിവരങ്ങൾ അറിയാതെ തന്നെ ഉൾപ്പെടാറുള്ളതിനാൽ, ഇത്തരം ചിത്രങ്ങൾ ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്യുന്നത് വഴി കൃത്യമായ ജിപിഎസ് വിവരങ്ങൾ ചോരാൻ കാരണമാകും.
തകർക്കപ്പെട്ട കെട്ടിടങ്ങളുടെയോ പരിക്കേറ്റവരുടെയോ ചിത്രങ്ങൾ പങ്കുവെക്കുന്നത് പൊതുജനങ്ങൾക്കിടയിൽ വലിയ മാനസികാഘാതവും പരിഭ്രാന്തിയും ഉണ്ടാക്കുമെന്നതിനാൽ ഇത് സാമൂഹ്യ സുരക്ഷിതത്വത്തെ ബാധിക്കുന്ന ഒന്നായി കണക്കാക്കണം. പഴയ വീഡിയോകളും ചിത്രങ്ങളും നിലവിലെ സാഹചര്യത്തിന്റേതെന്ന പേരിൽ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കുകയും കൈമാറുകയും ചെയ്യണമെന്നും അധികൃതർ അറിയിച്ചു.
യുദ്ധസാഹചര്യങ്ങളിൽ തന്ത്രപ്രധാനമായ ഇടങ്ങളുടെ ഫോട്ടോകൾ പകർത്തുന്നതും പ്രചരിപ്പിക്കുന്നതും പല രാജ്യങ്ങളിലും കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ജനവാസ മേഖലകളിലെ സുരക്ഷ ഉറപ്പാക്കുന്നതിനും അനാവശ്യ ഭീതി ഒഴിവാക്കുന്നതിനും ഓരോ വ്യക്തിയും ഈ ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.



