23.7 C
Saudi Arabia
Tuesday, April 7, 2026
spot_img

പ്രസിഡന്റ് ട്രംപിനെ പുറത്താക്കാൻ 25-ാം ഭേദഗതി പ്രയോഗിക്കുമോ? ഇറാൻ യുദ്ധത്തിനിടെ ചർച്ചകൾ സജീവമാകുന്നു

വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം അതിരൂക്ഷമായ സാഹചര്യത്തിൽ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അധികാരത്തിൽ നിന്ന് മാറ്റാൻ ഭരണഘടനയിലെ 25-ാം ഭേദഗതി ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി നിയമസഭാംഗങ്ങൾ രംഗത്തെത്തി. ഇറാനിലെ ജനവാസ മേഖലകളിൽ ബോംബാക്രമണം നടത്തുമെന്ന ട്രംപിന്റെ ഭീഷണിയും അന്താരാഷ്ട്ര സഖ്യകക്ഷികൾക്കെതിരെയുള്ള പ്രസ്താവനകളും അദ്ദേഹം ഭരണനിർവ്വഹണത്തിന് അനുയോജ്യനല്ലെന്ന വാദത്തിന് കരുത്തേകിയിട്ടുണ്ട്.

വൈസ് പ്രസിഡന്റും കാബിനറ്റിലെ ഭൂരിഭാഗം അംഗങ്ങളും ചേർന്ന് പ്രസിഡന്റിന് ചുമതലകൾ നിർവ്വഹിക്കാൻ ശേഷിയില്ലെന്ന് പ്രഖ്യാപിക്കുന്നതാണ് ഈ ഭേദഗതിയിലെ നാലാം വകുപ്പ്. ഫെബ്രുവരി 28-ന് ഇറാനിൽ ആരംഭിച്ച സൈനിക നടപടികൾക്ക് വ്യക്തമായ ലക്ഷ്യങ്ങളില്ലെന്നതും രാജ്യ സുരക്ഷയെ അപകടത്തിലാക്കുന്ന നീക്കങ്ങൾ പ്രസിഡന്റിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതുമാണ് നിയമവിദഗ്ധരെയും രാഷ്ട്രീയ നേതാക്കളെയും ഇത്തരമൊരു ആലോചനയിലേക്ക് നയിക്കുന്നത്.

അമേരിക്കൻ ഭരണഘടനയിൽ 1967-ൽ കൂട്ടിച്ചേർക്കപ്പെട്ട ഈ ഭേദഗതി, ഒരു പ്രസിഡന്റ് മരണപ്പെടുകയോ രാജി വെക്കുകയോ അല്ലെങ്കിൽ ചുമതലകൾ നിർവ്വഹിക്കാൻ ശാരീരികമായോ മാനസികമായോ അശക്തനാവുകയോ ചെയ്യുന്ന സാഹചര്യത്തിലാണ് ഉപയോഗിക്കുന്നത്. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും കാബിനറ്റും ഇതിന് തയ്യാറായാൽ ട്രംപിന് അധികാരം നഷ്ടപ്പെടുകയും വൈസ് പ്രസിഡന്റ് ‘ആക്ടിംഗ് പ്രസിഡന്റ്’ ആയി ചുമതലയേൽക്കുകയും ചെയ്യും.

എന്നാൽ ട്രംപ് ഇതിനെ എതിർത്താൽ അന്തിമ തീരുമാനം എടുക്കേണ്ടത് കോൺഗ്രസ് ആണ്. ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട ട്രംപിന്റെ അന്ത്യശാസനം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, പ്രസിഡന്റിന്റെ മാനസിക നിലയെക്കുറിച്ചുള്ള ചർച്ചകൾ വാഷിംഗ്ടണിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. മുൻപ് ഇംപീച്ച്‌മെന്റ് നടപടികൾ നേരിട്ടിട്ടുള്ള ട്രംപിന്, 25-ാം ഭേദഗതി വഴിയുള്ള നീക്കം വലിയൊരു വെല്ലുവിളിയായി മാറിയേക്കാം.

 

Related Articles

- Advertisement -spot_img

Latest Articles