ദമ്മാം: പെരിന്തൽമണ്ണ NRI ഫോറവും പീപ്പിൾസ് ബ്ലഡ് ഡോണേഷൻ ആർമി (PBDA)യും സംയുക്തമായി സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ദമ്മാമിലെ ഒതൈം മാളിലുള്ള ഡമ്മാം ബ്ലഡ് ഡോണേഷൻ സെന്ററിൽ വിപുലമായ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പ്രവാസി സമൂഹത്തിന്റെ സജീവ പങ്കാളിത്തത്തോടെ നടന്ന ക്യാമ്പിൽ വനിതകൾ ഉൾപ്പെടെ നിരവധി പേർ രക്തദാനം നടത്തി. രക്തത്തിന്റെ ക്ഷാമം അനുഭവപ്പെടുന്ന ഈ സാഹചര്യത്തിൽ ഇത്തരം ക്യാമ്പുകൾ വലിയ ആശ്വാസമാകുന്നുവെന്ന് സംഘാടകർ അറിയിച്ചു. പ്രത്യേകിച്ച് റമദാൻ മാസത്തിന് ശേഷമുള്ള സമയങ്ങളിൽ രക്തശേഖരണത്തിൽ ഉണ്ടാകുന്ന കുറവ് പരിഹരിക്കുന്നതിന് ക്യാമ്പ് സഹായകരമായതായി വിലയിരുത്തപ്പെട്ടു.
PENRIF പ്രസിഡന്റ് റഷീദ് നാലകത്ത്, ജനറൽ സെക്രട്ടറി മുഹമ്മദ് ഹനീഫ പെരിഞ്ചീരി, നൗഷാദ് പെരിന്തൽമണ്ണ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. PBDA സൗദി അറേബ്യ ചീഫ് കോഓർഡിനേറ്റർ ഷിനാജ് ക്യാമ്പിന്റെ ഏകോപനം നിർവഹിച്ചു. ക്യാമ്പ് സുഗമമായി നടത്തുന്നതിനായി നിരവധി വോളന്റിയർമാർ പ്രവർത്തിച്ചു. രക്തദാനത്തിനായി എത്തിയ ദാതാക്കൾക്ക് ആവശ്യമായ വാഹന സൗകര്യം ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ഒരുക്കിയതോടൊപ്പം, അവരുടെ ആരോഗ്യ സുരക്ഷയും ഉറപ്പാക്കി. ക്യാമ്പിൽ പങ്കെടുത്തവർക്കായി സൗജന്യ റിഫ്രഷ്മെന്റുകളും മറ്റ് സൗകര്യങ്ങളും ഒരുക്കിയിരുന്നു.
സമൂഹത്തിൽ രക്തദാനത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനും കൂടുതൽ ആളുകളെ ഈ മഹത്തായ സേവനത്തിലേക്ക് ആകർഷിക്കുന്നതിനും ഇത്തരം ക്യാമ്പുകൾ നിർണായകമാണെന്ന് ഭാരവാഹികൾ പറഞ്ഞു. ഭാവിയിലും ഇത്തരം പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അവർ അറിയിച്ചു.



