റിയാദ്: സൗദി അറേബ്യയുടെ വിനോദസഞ്ചാര മേഖല 2025 അവസാനത്തോടെ അതിവേഗത്തിലുള്ള വളർച്ച കൈവരിച്ചതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്ത് ലൈസൻസുള്ള വിനോദസഞ്ചാര താമസസൗകര്യങ്ങളുടെ എണ്ണത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 34.2 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. 2024-ൽ 4,425 ആയിരുന്ന ലൈസൻസുള്ള സ്ഥാപനങ്ങളുടെ എണ്ണം 2025-ന്റെ നാലാം പാദത്തിൽ 5,937 ആയി ഉയർന്നതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. ഇതിൽ 2,847 ഹോട്ടലുകളും 3,090 സർവീസ്ഡ് അപ്പാർട്ട്‌മെന്റുകളും മറ്റ് താമസ സൗകര്യങ്ങളും ഉൾപ്പെടുന്നു. എണ്ണ ഇതര വരുമാനം വർദ്ധിപ്പിക്കാനും സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവൽക്കരിക്കാനുമുള്ള സൗദി വിഷൻ 2030-ന്റെ ഭാഗമായാണ് ഈ മുന്നേറ്റം. നേരത്തെ നിശ്ചയിച്ചിരുന്ന 10 കോടി സന്ദർശകർ എന്ന ലക്ഷ്യം ഇതിനോടകം മറികടന്ന സൗദി, ഈ ദശകത്തിന്റെ അവസാനത്തോടെ 15 കോടി വിനോദസഞ്ചാരികളെ ആകർഷിക്കാനാണ് ഇപ്പോൾ ലക്ഷ്യമിടുന്നത്.
ഹോട്ടലുകളിലെ മുറി ഉപയോഗ നിരക്ക് 2025-ന്റെ അവസാന പാദത്തിൽ 57.3 ശതമാനമായി ഉയർന്നു. ഹോട്ടലുകളിൽ വിനോദസഞ്ചാരികൾ താമസിക്കുന്ന ശരാശരി സമയം 3.8 രാത്രികളായും സർവീസ്ഡ് അപ്പാർട്ട്‌മെന്റുകളിൽ 2.2 രാത്രികളായും വർദ്ധിച്ചിട്ടുണ്ട്. അതേസമയം, ഹോട്ടലുകളിലെ പ്രതിദിന ശരാശരി വാടക മുൻവർഷത്തെ അപേക്ഷിച്ച് 11.7 ശതമാനം കുറഞ്ഞ് 389 റിയാലിലെത്തി. വിനോദസഞ്ചാര മേഖലയിലെ തൊഴിലവസരങ്ങളിലും വലിയ പുരോഗതിയാണുണ്ടായിരിക്കുന്നത്. ഈ മേഖലയിലെ ആകെ ജീവനക്കാരുടെ എണ്ണം 10.3 ലക്ഷമായി ഉയർന്നു. ഇതിൽ 24 ശതമാനം പേർ സൗദി പൗരന്മാരാണ്. മൊത്തം ജീവനക്കാരിൽ 86.7 ശതമാനം പുരുഷന്മാരും 13.3 ശതമാനം സ്ത്രീകളുമാണ്. വിനോദസഞ്ചാര മേഖലയിലെ ഈ വളർച്ച രാജ്യത്തിന്റെ തൊഴിൽ വിപണിക്കും സാമ്പത്തിക വളർച്ചയ്ക്കും വലിയ കരുത്ത് പകരുന്നതായാണ് വിലയിരുത്തപ്പെടുന്നത്



