കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കോളേജ് അധ്യാപകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു. വകുപ്പ് മേധാവി ഡോ. എം.കെ. റാം, ഡോ. സംഗീത എന്നിവർക്കെതിരെയാണ് ആത്മഹത്യാ പ്രേരണാക്കുറ്റവും പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തിയിരിക്കുന്നത്. കേസിന്റെ ഗൗരവം പരിഗണിച്ച് കണ്ണൂർ എസിപിയുടെ നേതൃത്വത്തിൽ ഏഴംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. നിതിൻ നേരിട്ടത് ക്രൂരമായ ജാതി അധിക്ഷേപവും പീഡനവുമാണെന്ന കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും വെളിപ്പെടുത്തലിന് പിന്നാലെയാണ് പോലീസ് നടപടി കർശനമാക്കിയത്. റാഗിംഗ് പരാതികളിൽ വ്യക്തത വരുത്തുന്നതിനായി അന്വേഷണ സംഘം ഉടൻ തിരുവനന്തപുരത്തേക്ക് തിരിക്കും.
അധ്യാപകരിൽ നിന്ന് നിതിൻ നേരിട്ട കടുത്ത ഭീഷണികളുടെയും മാനസിക പീഡനങ്ങളുടെയും നടുക്കുന്ന ശബ്ദരേഖകൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. സ്റ്റാഫ് റൂമിൽ വെച്ച് പോലും നിതിനെ പീഡിപ്പിച്ചിരുന്നതായും, ക്യാമ്പസിന് പുറത്തിറങ്ങിയാൽ കൈകാലുകൾ വെട്ടുമെന്ന് അധ്യാപകർ ഭീഷണിപ്പെടുത്തിയിരുന്നതായും ഈ സന്ദേശങ്ങളിൽ വ്യക്തമാകുന്നു. ക്ലാസ് മുറിക്കുള്ളിൽ വെച്ച് മാർക്ക് കുറച്ചും കുടുംബത്തെ അധിക്ഷേപിച്ചും ഡോ. റാം നിരന്തരം വേട്ടയാടിയിരുന്നതായി നിതിൻ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. മറ്റ് വിദ്യാർത്ഥികൾക്കും സമാനമായ അനുഭവങ്ങളുണ്ടെങ്കിലും അധ്യാപകരുടെ പ്രതികാര നടപടികളെ ഭയന്ന് പലരും മിണ്ടാൻ തയ്യാറാകുന്നില്ലെന്നാണ് വിവരം.
സംഭവത്തിൽ രാഷ്ട്രീയ നേതൃത്വവും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എന്നിവർ നിതിൻ രാജിന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു. പൂക്കോട് വെറ്ററിനറി കോളേജിൽ മരിച്ച സിദ്ധാർത്ഥിന്റെ അമ്മയും നിതിൻ രാജിന്റെ കുടുംബത്തെ കാണാനെത്തിയിരുന്നു. “നാണക്കേട് കൊണ്ട് തലകുനിക്കേണ്ട അവസ്ഥയാണിതെന്നും സിദ്ധാർത്ഥിന്റെ മരണം ഉണ്ടായപ്പോൾ തന്നെ ഇത്തരം വിഷയങ്ങളിൽ കർശന നടപടി വേണമായിരുന്നുവെന്നും” വി.ഡി. സതീശൻ പറഞ്ഞു. കുറ്റവാളികൾ ഒരു കാരണവശാലും രക്ഷപ്പെടാൻ പാടില്ലെന്ന് എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു. ആരോപണവിധേയരായ അധ്യാപകർക്ക് ഉടൻ നോട്ടീസ് നൽകി ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം.



