18.8 C
Saudi Arabia
Monday, April 13, 2026
spot_img

ഹജ്ജ് നിയന്ത്രണങ്ങൾ ഇന്നു മുതൽ; അനുമതിപത്രമില്ലാത്ത വിദേശികൾക്ക് മക്കയിലേക്ക് പ്രവേശനം നിരോധിച്ചു

മക്ക: ഈ വർഷത്തെ ഹജ്ജ് സീസൺ പ്രമാണിച്ച് ഏപ്രിൽ 13 തിങ്കളാഴ്ച മുതൽ ഔദ്യോഗിക അനുമതിയില്ലാത്ത വിദേശികൾക്ക് മക്കയിലേക്ക് പ്രവേശിക്കുന്നതിന് സൗദി ആഭ്യന്തര മന്ത്രാലയം നിരോധനം ഏർപ്പെടുത്തി. തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഹജ്ജ് കർമ്മങ്ങൾ സുഗമമായി നടത്തുന്നതിനുമായി ആവിഷ്‌കരിച്ച “അനുമതിയില്ലാതെ ഹജ്ജില്ല” എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി. പുതിയ നിയന്ത്രണമനുസരിച്ച്, മക്കയിൽ നിന്ന് അനുവദിച്ച താമസരേഖ (ഇഖാമ), ഹജ്ജ് പെർമിറ്റ്, അല്ലെങ്കിൽ പുണ്യസ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിനുള്ള പ്രത്യേക വർക്ക് പെർമിറ്റ് എന്നിവ കൈവശമുള്ള വിദേശികൾക്ക് മാത്രമേ നഗരത്തിലേക്ക് പ്രവേശനം അനുവദിക്കൂ. ആവശ്യമായ രേഖകളില്ലാതെ എത്തുന്നവരെ മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളിലെ സുരക്ഷാ ചെക്ക് പോസ്റ്റുകളിൽ നിന്ന് തിരിച്ചയക്കും.

ഉംറ വിസയിൽ സൗദിയിൽ എത്തിയ വിദേശ തീർഥാടകർ രാജ്യം വിടേണ്ട അവസാന തീയതി ദുൽഖഅ്‌ദ ഒന്ന് (ഏപ്രിൽ 18) ആയി നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ, ദുൽഖഅ്‌ദ ഒന്ന് മുതൽ ദുൽഹിജ്ജ 14 (മെയ് 31) വരെയുള്ള കാലയളവിൽ സ്വദേശികൾക്കും വിദേശികൾക്കും ജി.സി.സി പൗരന്മാർക്കും നുസുക് പ്ലാറ്റ്‌ഫോം വഴി ഉംറ പെർമിറ്റുകൾ അനുവദിക്കുന്നത് നിർത്തിവെക്കും. ഹജ്ജ് വിസയുള്ളവരൊഴികെ, മറ്റേതൊരു വിസയിലുള്ളവർക്കും ഏപ്രിൽ 18 മുതൽ മക്കയിലേക്ക് പ്രവേശിക്കാനോ അവിടെ തുടരാനോ അനുവാദമുണ്ടായിരിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

ഡിജിറ്റൽ സേവനങ്ങൾ ലളിതമാക്കുന്നതിന്റെ ഭാഗമായി അബ്ഷർ, മുഖീം പോർട്ടലുകൾ വഴി ഹജ്ജ് പെർമിറ്റുകൾ ഓൺലൈനായി നേടാവുന്നതാണ്. ഹജ്ജ് ചട്ടങ്ങൾ പൂർണ്ണമായും പാലിക്കണമെന്നും അധികൃതരുമായി സഹകരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശനമായ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Related Articles

- Advertisement -spot_img

Latest Articles