റിയാദ്: അമേരിക്കയിലെ പ്രശസ്തമായ ന്യൂയോർക്ക് സർവകലാശാലയിൽ അഞ്ചരക്കോടി രൂപയുടെ സ്കോളർഷിപ്പോടെ പി.എച്ച്.ഡി പ്രവേശനം നേടി മലയാളി വിദ്യാർത്ഥി അബ്ദുൽ ഫത്താഹ് നൂറാനി ശ്രദ്ധേയനാകുന്നു. സർവകലാശാലയിലെ മിഡിൽ ഈസ്റ്റേൺ & ഇസ്ലാമിക് സ്റ്റഡീസ് വിഭാഗത്തിലാണ് ഫത്താഹിന് ഗവേഷണത്തിന് അവസരം ലഭിച്ചത്. ട്യൂഷൻ ഫീ ഉൾപ്പെടെയുള്ള ചിലവുകൾക്കായി മാക്റാകൻ ഫെല്ലോഷിപ്പ്, ഡീൻസ് ഡോക്ടറൽ ഫെല്ലോഷിപ്പ് തുടങ്ങിയ പ്രമുഖ സ്കോളർഷിപ്പുകളാണ് ഇദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. ഗൾഫ് മലയാളി മുസ്ലിംകളുടെ മതസ്ഥലാനുഭവങ്ങളും കാലാവസ്ഥാ വ്യതിയാനവും സംബന്ധിച്ച വിഷയത്തിലാണ് അദ്ദേഹം ഗവേഷണം നടത്തുക. ന്യൂയോർക്ക് യൂണിവേഴ്സിറ്റിക്ക് പുറമെ യൂണിവേഴ്സിറ്റി ഓഫ് ടൊറൻ്റോ, പെൻസിൽവാനിയ തുടങ്ങി ലോകത്തെ മറ്റ് പ്രമുഖ സർവകലാശാലകളിലും ഇത്തവണ ഫത്താഹിന് പ്രവേശനം ലഭിച്ചിരുന്നു.
നേരത്തെ കൊളംബിയ യൂണിവേഴ്സിറ്റിയിൽ മാസ്റ്റേഴ്സ് ചെയ്തുകൊണ്ടിരിക്കെയാണ് ഈ പുതിയ നേട്ടം ഫത്താഹിനെ തേടിയെത്തുന്നത്. ജാമിഅ മദീനതുന്നൂറിൽ നിന്ന് ഇസ്ലാമിക് സ്റ്റഡീസും കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് ബിരുദവും പൂർത്തിയാക്കിയ ഇദ്ദേഹം ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ഗോൾഡ് മെഡലോടെയാണ് ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയത്. ജെ.ആർ.എഫ് ജേതാവ് കൂടിയായ ഫത്താഹ് വിവിധ അന്താരാഷ്ട്ര വേദികളിൽ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
റിയാദ് ഐസിഎഫ് ഡെപ്യൂട്ടി പ്രസിഡന്റ് അബ്ദുറഹ്മാൻ സഖാഫിയുടെയും സൈനബയുടെയും മകനായ ഇദ്ദേഹം മലപ്പുറം കടക്കാട്ടുപാറ സ്വദേശിയാണ്. പത്താം ക്ലാസ് വരെ റിയാദ് അലിഫ് ഇന്റർനാഷണൽ സ്കൂളിലായിരുന്നു പഠനം. ഈങ്ങാപ്പുഴ ദാറുൽഹിദായ കാമ്പസിലും പൂനൂർ മർകസ് ഗാർഡനിലുമായി തുടർപഠനം പൂർത്തിയാക്കി. ഉന്നത വിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടം കൈവരിച്ച അബ്ദുൽ ഫത്താഹ് നൂറാനിയെ അലിഫ് സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫയും റിയാദിലെ വിവിധ പ്രവാസി സംഘടന ഭാരവാഹികളും അഭിനന്ദിച്ചു.



