30.4 C
Saudi Arabia
Friday, August 22, 2025
spot_img

സൗദി യുഎസ് ബന്ധങ്ങളിൽ നാഴികകല്ല് തീർത്ത് ട്രംപ് മടങ്ങി

റിയാദ്: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മടങ്ങി. ചരിത്രപരമായ ചർച്ചകളും കരാറുകളും പൂർത്തിയാക്കിയാണ് ട്രംപിന്റെ മടക്കം. സൗദി അറേബ്യയുമായുള്ള സാമ്പത്തിക പങ്കാളിത്തകരാർ, സൗദി-യുഎസ് നിക്ഷേപ ഫോറത്തിൽ പങ്കാളിത്തം, ഗൾഫ്-യുഎസ് ഉച്ചകോടി, സിറിയയുടെ പുതിയ നേതൃത്വവുമായുള്ള കൂടിക്കാഴ്ച തുടങ്ങി ചരിത്രപരമായ ദൗത്യ പൂർത്തീകരണത്തിന് ശേഷമാണ് ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബുധനാഴ്ച സൗദി അറേബ്യയിൽ നിന്ന് മടങ്ങിയത്.

കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ പ്രസിഡന്റ് ട്രംപിനെ സ്വീകരിക്കാൻ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സന്നിഹിതനായിരുന്നു, എല്ലാ അർത്ഥത്തിലും ചരിത്രപരമെന്ന് ഇരുപക്ഷവും വിശേഷിപ്പിച്ച രണ്ട് ദിവസത്തെ സന്ദർശനം പൂർത്തിയാക്കിയാണ് ട്രംപ് സൗദിയിൽ നിന്നും ഖത്തറിലെത്തിലേക്ക് പുറപ്പെട്ടത്. ഖത്തറിൽ നിന്നും യുണൈറ്റഡ് അറബ് എമിറേറ്റുകളിലേക്ക് പോകും.

ട്രംപിന്റെ സന്ദർശനം അദ്ദേഹത്തിന്റെ രണ്ടാം കാലയളവിലെ ആദ്യത്തെ ഔദ്യോഗിക വിദേശ യാത്രയായിരുന്നു. സന്ദർശനത്തിലുടനീളം ഇരു നേതാക്കളും ഒന്നിലധികം ഉന്നതതല ഇടപെടലുകൾ നടത്തി. അൽ-യമാമ കൊട്ടാരത്തിൽ, ട്രംപും കിരീടാവകാശിയും സൗദി-യുഎസ് ഉച്ചകോടിയിൽ സഹ-അധ്യക്ഷത വഹിച്ചു. രണ്ട് സർക്കാരുകൾ തമ്മിലുള്ള തന്ത്രപരമായ സാമ്പത്തിക പങ്കാളിത്തത്തിൽ ഇരുവരും ഒപ്പുവച്ചു. പ്രതിരോധം, ഊർജ്ജം, നീതി, ആരോഗ്യം, ബഹിരാകാശം, ശാസ്ത്ര ഗവേഷണം തുടങ്ങി പ്രധാന മേഖലകളിലായി നിരവധി കരാറുകളും മെമ്മോറാണ്ടകളും രൂപപ്പെടുത്തി.

റിയാദിൽ നടന്ന യുഎസ്-ഗൾഫ് ഉച്ചകോടി സന്ദർശനത്തിലെ പ്രധാന നാഴിക കല്ലായി മാറി. യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപും ഗൾഫ് നേതാക്കളും നടത്തിയ ഈ കൂടിക്കാഴ്‌ച യുഎസ്-ജിസിസി ബന്ധങ്ങൾ വീണ്ടും അരക്കിട്ട് ഉറപ്പിച്ചു. ജിസിസി രാജ്യങ്ങളും യുഎസും തമ്മിലുള്ള വ്യാപാരം 2024 ൽ ഏകദേശം 120 ബില്യൺ ഡോളറിലെത്തിയെന്നും യുഎസ് ഒരു സുപ്രധാന വാണിജ്യ പങ്കാളിയായി തുടരുമെന്നും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അഭിപ്രായപ്പെട്ടു.

നയതന്ത്ര സംഭവവികാസത്തിൽ, സിറിയയ്‌ക്കെതിരായ യുഎസ് ഉപരോധങ്ങൾ പൂർണ്ണമായും നീക്കം ചെയ്യുന്നതായി ട്രംപ് പ്രഖ്യാപിക്കുകയും പുതിയ സിറിയൻ സർക്കാരുമായുള്ള ബന്ധം സാധാരണ നിലയിലാക്കാനുള്ള പ്രക്രിയ ആരംഭിക്കുകയും ചെയ്തു. കിരീടാവകാശി ആതിഥേയത്വം വഹിച്ച ത്രികക്ഷി യോഗത്തിന് ശേഷമാണ് പ്രഖ്യാപനം നടന്നത്, സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ-ഷറയും തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉറുദുഖാനും ഫോൺ വഴി പങ്കെടുത്തു. സിറിയൻ പരമാധികാരം, സ്ഥിരത, പുനർനിർമ്മാണം എന്നിവ ചർച്ചകളിൽ ഊന്നിപ്പറഞ്ഞു.

സിറിയക്കെതിരായ യുഎസ് ഉപരോധങ്ങൾ പിൻവലിക്കാനുള്ള തീരുമാനത്തിന് സിറിയൻ പ്രസിഡന്റ് അൽ-ഷറ പ്രസിഡന്റ് ട്രംപിനോട് നന്ദി പറഞ്ഞു, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ പുനർനിർമ്മിക്കുന്നതിനും സുരക്ഷ പുനഃസ്ഥാപിക്കുന്നതിനും വഴിയൊരുക്കുന്ന ഒരു വഴിത്തിരിവായി ഈ നീക്കത്തെ അദ്ദേഹം വിശേഷിപ്പിച്ചു.

യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപും കിരീടാവകാശിയുമൊത്ത് ദിരിയ സന്ദർശിക്കുകയും ആഗോള സാംസ്കാരിക കേന്ദ്രമെന്ന നിലയിൽ പ്രദേശത്തിന്റെ ചരിത്രപരമായ പ്രാധാന്യത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും മനസ്സിലാക്കുകയും ചെയ്തു. ദിരിയയുടെ വികസന പദ്ധതിയെക്കുറിച്ച് കിരീടാവകാശി പ്രസിഡന്റിന് വിശദീകരിച്ചു.

യുഎസ്-സൗദി ബന്ധം ശക്തിപ്പെടുത്തുന്നതിനും നിക്ഷേപ, സുരക്ഷാ സഹകരണം വികസിപ്പിക്കുന്നതിനും മിഡിൽ ഈസ്റ്റിൽ പുതിയ നയതന്ത്ര ചാനലുകൾ തുറക്കുന്നതിനും വഴിയൊരുക്കിയ നിരവധി കൂടിക്കാഴ്ചകളും പ്രഖ്യാപനങ്ങളും നടത്തിയാണ് ട്രംപ് സൗദിയോട് യാത്ര പറഞ്ഞത്.

 

 

 

Related Articles

- Advertisement -spot_img

Latest Articles