റിയാദ്: ഈ വർഷം ഓഹിയോയിലെ കൊളംബസിൽ നടക്കുന്ന റെജെനെറോൺ ഇന്റർനാഷണൽ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് ഫെയറിൽ (ISEF 2025) പങ്കെടുക്കാൻ സൗദി വിദ്യാർഥിക്ക് വീണ്ടും അവസരം. ശാസ്ത്രം, സാങ്കേതികവിദ്യ, വൈദ്യശാസ്ത്രം എന്നിവയിലെ ആഗോള വിദഗ്ധരുമായി ഉന്നതതല പാനൽ ചർച്ചയിൽ പങ്കെടുക്കാനാണ് സൗദി വിദ്യാർത്ഥിനിയായ അരീജ് അബ്ദുല്ല അൽ-ഖർണിക്ക് വീണ്ടും അവസരം ലഭിച്ചത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നൂറുകണക്കിന് വിദ്യാർത്ഥികളിൽ നിന്നാണ് അൽ-ഖർണിയെ വീണ്ടും തെരഞ്ഞെടുത്തത്. കഴിഞ്ഞ വർഷങ്ങളിലെ അവരുടെ മികച്ച പ്രകടനത്തെയും ശാസ്ത്ര ഗവേഷണത്തിൽ അവരുടെ കഴിവിനെയും പരിഗണിക്കുന്നതാണ് പുതിയ തെരഞ്ഞെടുപ്പ്.
70 രാജ്യങ്ങളിൽ നിന്നുള്ള 1,700-ലധികം വിദ്യാർത്ഥികളാണ് ഇതിൽ മത്സരിക്കുന്നത്. അൽ ഖർണിയുൾപ്പടെ 41 അംഗങ്ങളാണ് സൗദി ദേശീയ ടീമിമുള്ളത്. ഹൈസ്‌കൂൾ തലത്തിൽ നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഗവേഷണത്തിനും നവീകരണത്തിനുമുള്ള അവാർഡുകൾക്കാണ് മത്സരം നടക്കുന്നത്.
കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കുന്ന വിഷയത്തിലാണ് പാനൽ ഡിസ്കഷൻ. അന്തരീക്ഷം തണുപ്പിക്കലിലൂടെ കാർബൺ പിടിച്ചെടുകുന്നതുമായി ബന്ധപ്പെട്ട ഒരു നൂതന പ്രൊജക്റ്റാണ് ഈ വർഷം അൽ ഖർണി അവതരിപ്പിക്കുന്നത്.