റിയാദ്: ഓഹിയോ കൊളംബസിൽ നടന്ന റെജെനെറോൺ ഇന്റർനാഷണൽ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് ഫെയറിൽ (ISEF 2025) 23 അവാർഡുകൾ നേടി സൗദി വിദ്യാർഥികൾ. സൗദി ദേശീയ ടീം 14 ഗ്രാൻഡ് പ്രൈസുകളും ഒമ്പത് പ്രത്യേക അവാർഡുകളും ഉൾപ്പെടെ 23 അവാർഡുകളാണ് നേടിയത്. മെയ് 10 മുതൽ ആരംഭിച്ച ഫെസ്റ്റിവൽ ഇന്നലെ സമാപിച്ചു.
മത്സരത്തിൽ 70 രാജ്യങ്ങളിൽ നിന്നുള്ള 1,700-ലധികം പേർ പങ്കെടുത്തു. വിവിധ ശാസ്ത്ര വിഭാഗങ്ങളിലായി മൂന്ന് സൗദി വിദ്യാർഥികൾ രണ്ടാം സ്ഥാനവും അഞ്ച് പേർ മൂന്നാം സ്ഥാനവും ആറ് പേർ നാലാം സ്ഥാനവും കരസ്ഥമാക്കി. ശാസ്ത്രത്തിലും നവീകരണത്തിലും ആഗോളതലത്തിൽ സൗദിയുടെ സാന്നിധ്യം അറിയിക്കുന്നതായിരുന്നു അവാർഡുകൾ.
സൗദിയിലെ 40 വിദ്യാർഥികളാണ് ഫെസ്റ്റിവലിൽ പങ്കെടുത്തിരുന്നത്. ഊർജ്ജം, പരിസ്ഥിതി എഞ്ചിനീയറിംഗ്, മെഡിക്കൽ സയൻസസ്, സസ്യശാസ്ത്രം, മെറ്റീരിയൽ സയൻസ് തുടങ്ങിയ മേഖലകളിൽ വിദ്യാർഥികൾ വിവിധ പ്രോജെക്റ്റുകൾ അവതരിപ്പിച്ചു.
2007 ലാണ് ആദ്യമായി സൗദി അറേബ്യ ഫെസ്റ്റിൽ പങ്കെടുക്കുന്നത്. ISEF ഫെസ്റ്റിൽ സൗദി അറേബ്യ ഇതുവരെ 183 മെഡലുകൾ കരസ്ഥമാക്കി. ഇതിൽ 124 ഗ്രാൻഡ് പ്രൈസുകളും 59 പ്രത്യേക അവാർഡുകളും ഉൾപ്പെടുന്നു.
മൗഹിബയും വിദ്യാഭ്യാസ മന്ത്രാലയവും മറ്റു ദേശീയ പങ്കാളികളും സഹകരിച്ചു പ്രവർത്തിച്ചത് കൊണ്ടാണ് ഈ വലിയ നേട്ടം രാജ്യത്തിന് സ്വന്തമാക്കാനായത് എന്ന് കിംഗ് അബ്ദുൽ അസീസ് ആൻഡ് ഹിസ് കമ്പാനിയൻസ് ഫൗണ്ടേഷൻ ഫോർ ഗിഫ്റ്റഡ്‌നെസ് ആൻഡ് ക്രിയേറ്റിവിറ്റിയുടെ (മൗഹിബ) ആക്ടിംഗ് സെക്രട്ടറി ജനറൽ ഡോ. ഖാലിദ് അൽ-ഷെരീഫ് പറഞ്ഞു. യുവ പ്രതിഭകളെ വളർത്തുന്നതിലും ആഗോളതലത്തിൽ രാജ്യത്തിന്റെ ശാസ്ത്ര മികവ് ഉയർത്തിക്കാട്ടുന്നതിലും അത്തരം പങ്കാളിത്തങ്ങളുടെ പ്രാധാന്യം അദ്ദേഹം എടുത്തു പറഞ്ഞു.
ഊർജ്ജത്തിൽ മറിയം അൽ-മുഹൈഷും പരിസ്ഥിതി എഞ്ചിനീയറിംഗിൽ അരീജ് അൽ-ഖർണിയും ജിവാൻ ഷാബിയും രണ്ടാം സ്ഥാനം നേടി. ജുമാന ബിലാൽ (ഊർജ്ജം), സൽമാൻ അൽ-ഷഹ്‌രി, ലാന നൂറി (വിവർത്തന മെഡിക്കൽ സയൻസ്), ലാമിയ അൽ-നെഫൈ (പരിസ്ഥിതി എഞ്ചിനീയറിംഗ്), ഫാത്തിമ അൽ-മുതബഗാനി (സസ്യ ശാസ്ത്രം) എന്നിവർക്കാണ് മൂന്നാം സ്ഥാനം .
നാലാം സ്ഥാനം നേടിയവരിൽ ഹനീൻ അൽ-ഹസ്സൻ, ഒമ്രാൻ അൽ-തുർക്കിസ്ഥാനി (ഊർജ്ജം), ഫാത്തിമ അൽ-അർഫജ്, മിസ്ക് അൽ-മുതൈരി (രസതന്ത്രം), അബീർ അൽ-യൂസഫ് (മെറ്റീരിയൽ സയൻസ്), ഘാല അൽ-ഗാംദി (സസ്യശാസ്ത്രം) എന്നിവരും ഉൾപ്പെടുന്നു.
ഫാത്തിമ അൽ-അർഫജ്, അരീജ് അൽ-ഖർണി, സാലിഹ് അൽ-അൻഗാരി, അബ്ദുൾറഹ്മാൻ അൽ-ഗന്നം, സമ ബുഖാംസീൻ, തുടങ്ങിയവരും പ്രത്യേക അവാർഡ് ജേതാക്കളിൽ ഉൾപ്പെടുന്നു, ഒന്നിലധികം വിദ്യാർത്ഥികൾ ഒന്നിലധികം ഡിസ്റ്റിംഗ്ഷനുകൾ നേടി.