ദമ്മാം: സൗദിയിലെ പ്രവാസി വിദ്യാർഥികൾക്ക് ഉപരിപഠനത്തിനു സംവിധാനങ്ങൾ ഒരുക്കണമെന്ന് നവയുഗം ദല്ല മേഖല സമ്മേളനം ആവശ്യപ്പെട്ടു. സൗദി അറേബ്യയിൽ താമസിക്കുന്ന പ്രവാസികളുടെ കുട്ടികൾക്ക് പ്ലസ് ടൂ കഴിഞ്ഞ കുട്ടികൾക്ക് തുടർപഠനത്തിന് ഇവിടെ അവസരമില്ല. പ്ലസ് ടൂ കഴിഞ്ഞാൽ കുട്ടികളെ നാട്ടിലേയ്ക്കയച്ചു പഠിപ്പിയ്ക്കുന്നതിന് പാവപ്പെട്ട പ്രവാസികൾക്ക് വളരെ ബുദ്ധിമുട്ടുകൾ ഉണ്ട്. ഇത് പരിഹരിയ്ക്കുന്നതിനു കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ശക്തമായ ഇടപെടൽ ഉണ്ടാകണമെന്ന് നവയുഗം സാംസ്ക്കാരികവേദി ദമ്മാം ദല്ല മേഖല സമ്മേളനത്തിൽ വിനീഷ് കുന്നുംകുളം ഒരുഅവതരിപ്പിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഇന്ത്യൻ യൂണിവേഴ്‌സിറ്റികളുടെ വിദൂരപഠനകേന്ദ്രങ്ങൾ സൗദിയിൽ ആരംഭിക്കുക, പ്രവാസി കുട്ടികൾക്ക് കുറഞ്ഞ ഫീസിൽ ബോർഡിങ് സംവിധാനത്തോടെ പഠിയ്ക്കാൻ കഴിയുന്ന സ്ഥാപനങ്ങളും, സംവിധാനങ്ങളും കേരളത്തിൽ ഉണ്ടാക്കുക. പഠിക്കാൻ മിടുക്കരായ പാവപ്പെട്ട പ്രവാസി കുട്ടികൾക്ക് വിദ്യാഭ്യാസ സ്‌കോളർഷിപ്പ് ഏർപ്പെടുത്തുക. യുദ്ധകാലാടിസ്ഥാനത്തിൽ ഈ നിർദ്ദേശങ്ങൾ പരിഗണിക്കണമെന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് നവയുഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ദമ്മാം കൊദറിയ (സഫ്രാൻ റെസ്റ്റോറന്റ് ഹാൾ) സനു മഠത്തിൽ നഗറിൽ നടന്ന നവയുഗം ദല്ല മേഖല സമ്മേളനം നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം സമ്മേളനം ഉത്‌ഘാടനം ചെയ്തു. നന്ദകുമാർ, നിസാം, റഷീദ് പുനലൂർ, രാജൻ കായംകുളം നടപടികൾ നിയന്ത്രിച്ചു. വർഗ്ഗീസ് ചിറ്റാട്ടുക്കര രക്തസാക്ഷി പ്രമേയവും, അബ്ദുൾ റഹ്‌മാൻ അനുശോചനപ്രമേയവും അവതരിപ്പിച്ചു.
ദല്ല മേഖല സെക്രെട്ടറി നിസ്സാം കൊല്ലം, മേഖലകമ്മിറ്റിയുടെ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. നവയുഗം ജനറൽ സെക്രെട്ടറി എം എ വാഹിദ് കാര്യറ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജയേഷ്, വിനീഷ്, ജൂവാദ്, ഷാഫുദ്ധീൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.
നവയുഗം കേന്ദ്രനേതാക്കളായ ജമാൽ വില്യാപ്പള്ളി, ഉണ്ണി മാധവം, ഗോപകുമാർ, സജീഷ് പട്ടാഴി, ദാസൻ രാഘവൻ എന്നിവർ അഭിവാദ്യ പ്രസംഗം നടത്തി. ഹുസ്സൈൻ നിലമേൽ സമ്മേളനത്തിൽ സ്വാഗതം പറഞ്ഞു. വിവിധ യൂണിറ്റ് കമ്മിറ്റികളിൽ നിന്നുള്ള തെരെഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. 24 അംഗങ്ങൾ അടങ്ങിയ പുതിയ മേഖല കമ്മിറ്റിയെ സമ്മേളനം തെരെഞ്ഞെടുത്തു.