അബഹ: മികച്ച ജീവകാരുണ്യ സേവന പ്രവർത്തനങ്ങൾക്ക് ഐ എം സി സി നൽകിവരുന്ന അവാർഡ് നർഗീസ് ബീഗത്തിന്. ഐഎൻഎൽ സ്ഥാപക നേതാവ് ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബിന്റെ നാമഥേയത്തിൽ ഐ എൻ എൽ പ്രവാസി ഘടകമായ ഐ എം സി സി സൗദി നാഷണൽ കമ്മിറ്റിയാണ് മികച്ച ജീവകാരുണ്യ സേവന പ്രവർത്തനങ്ങൾക്ക് അവാർഡ് നൽകിവരുന്നത്. ഈ വർഷത്തെ അവാർഡ് സാമൂഹിക സേവന മേഖലകളിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിവരുന്ന പ്രശസ്ത ആക്ടീവിസ്റ്റ്നർഗീസ് ബീഗത്തിന് നൽകാൻ പ്രസിഡണ്ട് സൈദ് കള്ളിയത്തിന്റെ അധ്യക്ഷതയിൽ ചേർന്നസൗദി നാഷണൽ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. ഹനീഫ് അറബി യോഗം ഉദ്ഘാടനം ചെയ്തു.
മലപ്പുറം കാരാട് സ്വദേശിനിയായ നർഗീസ് ബീഗം ജീവിത പ്രയാസങ്ങളിലൂടെ കടന്നുവന്ന് ആതുര സേവന മേഖലയിലൂടെ ആദിവാസികളുടെയും മറ്റു ദുർബല വിഭാഗങ്ങളുടെയും കണ്ണീരൊപ്പാനും അവരെ കൈപിടിച്ചുയർത്താനും നിസ്വാർത്ഥമായ പരിശ്രമങ്ങളിലേർപ്പെട്ട ആക്റ്റീവിസ്റ്റാണ്. കഴിഞ്ഞവർഷം ഗോപിനാഥ് മുതുകാടിനായിരുന്നു അവാർഡ്നൽകിയിരുന്നത്.അരലക്ഷംരൂപയും പ്രശസ്തി ഫലകവുമാണ് പുരസ്‌കാരം.
ഇസ്ഹാഖ് തയ്യിൽ, സജിമോൻഎസ് തൈപ്പറമ്പിൽ, ഗസ്‌നി വട്ടക്കിണർ, ശിഹാബ് വടകര,അബ്ബാസ് മൗവ്വൽ, റസാക്ക് പടനിലം, ഇർഷാദ് കളനാട്, അഫ്സൽ കാട്ടാമ്പള്ളി, റഷീദ് പുന്നാട്,സാദിഖ് ഇരിക്കൂർ, ഇക്ബാൽ പന്നിയങ്കര, ഹാരിസ് ഏറിയാപാടി തുടങ്ങിയവർ പ്രസംഗിച്ചു. സൈനുദ്ദീൻ അമാനി സ്വാഗതവും റാഷിദ് കോട്ടപ്പുറം നന്ദിയും പറഞ്ഞു.