തിരുവനന്തപുരം: നെടുമങ്ങാട് വെമ്പായം പഴകുറ്റിക്ക് സമീപം വേങ്കവിളയിൽ നടന്ന വാഹനാപകടത്തിൽ കുടുംബനാഥൻ മരിച്ചു. ഭാര്യക്കും മക്കൾക്കും സാരമായ പരിക്ക്. വെമ്പായം തേക്കട മാടൻനട സ്വദേശി അമീർ(44) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഭാര്യക്കും രണ്ടു മക്കൾക്കും ഗുരുതര പരിക്ക്. ഞായറാഴ്‌ച രാത്രി 10.30 നായിരുന്നു സംഭവം.
അമീറും കുടുംബവും സേഞ്ചരിച്ചിരുന്ന കാറും ടെമ്പോ വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. അമീറിന്റെ കൂടെയുണ്ടായിരുന്ന ഭാര്യ ഷാഹിന(28) മക്കളായ അസ്ജാന്‍ (10), ആലിഫ് (8) എന്നിവർക്കാണ് സാരമായി പരിക്കേറ്റത്.
അമീറായിരുന്നു കാർ ഓടിച്ചിരുന്നത്. കാർ നെടുമങ്ങാടുനിന്നും വെമ്പായത്തേക്ക് പോവുകയായിരുന്നു. എതിരെ വന്ന ടെമ്പോട്രാവലറുമായാണ് കാർ കൂട്ടിയിടിച്ചത്. അപകട സ്ഥലത്തു വെച്ച് തന്നെ അമീർ മരണപെട്ടിരുന്നു. പരിക്കേറ്റ ഷാഹിനയും മക്കളും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.