തൊടുപുഴ: മുന്നറിയിപ്പില്ലാതെ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ നിർത്തലാക്കിയതിനെ ചൊല്ലി അടിമാലി സർക്കാർ ഹൈസ്‌കൂളിൽ രക്ഷിതാക്കളുടെ പ്രതിഷേധം. മുന്നറിയിപ്പില്ലാതെ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ നിർത്തലാക്കിയതിൽ പ്രധാന അധ്യാപികയെ ഉപരോധിചാണ് രക്ഷിതാക്കൾ പ്രതിഷേധിച്ചത്. പ്രതിഷേധക്കാരെ പോലീസ് ഇടപെട്ടു മാറ്റി.
വേണ്ടത്ര വിദ്യാർഥികളില്ലാതെ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ നിലനിർത്താൻ സാധിക്കില്ലെന്നാണ് അധ്യാപകർ പറയുന്നത്. മെയ് 30 ന് മാത്രമാണ് ഡിവിഷൻ നിർത്തുന്ന കാര്യം അറിയിച്ചതെന്ന് രക്ഷിതാക്കൾ ആരോപിച്ചു.
എട്ട് വർഷം ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചു ഇനി മലയാളത്തിലേക്ക് മാറുന്നത് പ്രായോഗികമല്ലെന്നും . മറ്റൊരു സ്‌കൂളിലും ഇനി അഡ്‌മിഷൻ ലഭിക്കില്ലെന്നും രക്ഷിതാക്കൾ പറയുന്നു. ഇതിനിടെ പ്രതിഷേധവുമായെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ചു മാറ്റി.