റിയാദ്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു വ്യത്യസ്‍ത പദ്ധതികളുമായി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ ഐസിഎഫ്. ഭൂമിയെ സംരക്ഷിക്കുക എന്ന പ്രമേയത്തിൽ ലോക പരിസ്ഥിതി ദിനത്തിൽ (ജൂൺ അഞ്ച്) റീജിയൻ തലങ്ങളിൽ പോസ്റ്റർ ഡിസൈനിംഗ് മത്സരം സംഘടിപ്പിക്കുന്നു. എല്ലാ പ്രവാസി സുഹൃത്തുക്കൾക്കും പങ്കെടുക്കാവുന്ന രീതിയിലാണ് മത്സരം.
കുടുംബിനികൾക്കിടയിൽ പരിസ്ഥിതി സംരക്ഷണത്തിൻറെയും കൃഷിയുടെയും പ്രാധാന്യം ബോധ്യപെടുത്തുന്നതിന് റീജിണൽ കേന്ദ്രങ്ങളിൽ പഠന ക്‌ളാസുകൾ സംഘടിപ്പിക്കും. ഹാദിയ പഠിതാക്കൾക്കിടയിൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് അടുക്കളതോട്ടം നിർമ്മിക്കുന്നതിനുള്ള സാങ്കേതിക സഹായങ്ങൾ ചെയ്‌തു കൊടുക്കും.
“പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക” എന്ന ഐക്യരാഷ്ടസഭയുടെ ഈ വർഷത്തെ പരിസ്ഥിതി പ്രമേയം ക്യാമ്പയിന്റെ ഭാഗമായി സമൂഹത്തിൽ പ്രചരിപ്പിക്കും. യൂണിറ്റ് തലങ്ങളിൽ മരം വെച്ചുപിടിക്കുകയും പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ചുറ്റുപാടുകൾ ശുചിത്വവൽക്കരിക്കുകയും ചെയ്യും. സമൂഹത്തിൽ പരിസ്ഥിതി സംരക്ഷണബോധം വളർത്തിയെടുക്കുന്നതിന് സാമൂഹ്യ മാധ്യമങ്ങൾ വഴി പോസ്റ്റർ പ്രദർശനം സംഘടിപ്പിക്കുക തുടങ്ങി വ്യത്യസ്‌ത പരിപാടികളാണ് നടന്നുവരുന്നത്.
ഐസിഎഫ് നാഷണൽ പ്രസിഡൻറ് അബ്ദുറഷീദ് സഖാഫി മുക്കം, നാഷണൽ സെക്രട്ടറി സിറാജ് കുറ്റിയാടി, ഡെപ്യൂട്ടി പ്രസിഡൻറ് അബ്ദുസലാം വടകര, സെക്രട്ടറി ഉമർ പന്നിയൂർ അറിയിച്ചു.