ഗാസ: ഇറാൻ – ഇസ്രായേൽ സംഘർഷം എട്ട് ദിവസം പിന്നിടുമ്പോഴും ഫലസ്‌തീനികൾക്ക് നേരെ ഇസ്രായേൽ കാണിക്കുന്ന ക്രൂരത സമാനതകളില്ലാതെ തുടരുന്നു. വെള്ളിയാഴ്‌ച മാത്രം 82 സാധാരണക്കാരാണ് ഗാസയിൽ കൊല്ലപ്പെട്ടത്. ഭക്ഷണ സഹായം കാത്തുനിന്നവർക്കെതിരെ ഇന്നലെയും ഇസ്രായേൽ വെടിയുതിർത്തു. 34 പേർക്കാണ് അവിടെ കൊല്ലപ്പെട്ടത്. മധ്യ ഗാസയിൽ കൊല്ലപ്പെട്ട 37 പേരിൽ 23 ആളുകളും ഭക്ഷണത്തിന് വേണ്ടി കാത്തിരിക്കുമ്പോഴാണ് കൊല്ലപെട്ടത്. തെക്കൻ ഗാസയിൽ കൊല്ലപ്പെട്ട 22 പേരിൽ 11 പേരും ഭക്ഷണത്തിന് കാത്തിരിക്കുമ്പോഴാണ് കൊല്ലപ്പെട്ടത്. പടിഞ്ഞാറൻ ദൈർ അൽ ബാലാഹിലെ ഒരു വീടിന് നേരെ നടത്തിയ ബോംബാക്രമണത്തിൽ വീട്ടിലെ മുഴുവൻ പേരും കൊല്ലപ്പെട്ടു.
409 ഫലസ്‌തീനികളാണ് ഭക്ഷണം കാത്ത് നിൽക്കുന്നതിനിടയിൽ ഇസ്രായേൽ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. 3203 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. ഇസ്രായേലും അമേരിക്കയും ചേർന്ന് നടത്തുന്ന ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷനാണ് സഹായം വിതരണം ചെയ്യുന്നത്. സഹായ വിതരണം ആരംഭിച്ചു നാലാഴ്‌ച തികയുന്നതിന് മുൻപാണ് ഇത്രയും പേരെ സൈന്യം കൊലപ്പെടുത്തിയത്. അതി രൂക്ഷമായ പട്ടിണിയിലേക്കാണ് ഗാസ നീങ്ങി കൊണ്ടിരിക്കുന്നത്. മറ്റു രാജ്യങ്ങളിൽ നിന്നും സന്നദ്ധ സംഘടനകളും നൽകുന്ന ഭക്ഷണങ്ങൾ സ്വീകരിക്കാനോ വിതരണം ചെയ്യാനോ ഇസ്രായേൽ അനുവദിക്കുന്നില്ല.
ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ നടത്തുന്ന സഹായവിതരണത്തിനെതിരെ യുണിസെഫ് രംഗത്ത് വന്നിട്ടുണ്ട്. അവർ വിതരണം നടത്തുന്നതിൽ സാഹചര്യമാണ് രംഗം വഷളാക്കുന്നതെന്ന് യുണിസെഫ് വിമർശിച്ചു. സ്ത്രീകളും കുട്ടികളും ഭക്ഷണം വാങ്ങാൻ തിരക്ക് കൂട്ടുന്നത് അപകടം വരുത്തി വെക്കുന്നുണ്ട്. സഹായ വിതരണ കേന്ദ്രങ്ങൾ തുറക്കുന്ന സമയങ്ങൾ കൃത്യമായി ജനങ്ങൾ അറിയുന്നില്ല. അവർ ഭക്ഷണം തേടി എത്തുമ്പോഴേക്കും കേന്ദ്രം അടച്ചിട്ടുണ്ടാവും യൂണിസെഫ് വക്താവ് ജെയിംസ് എൽഡർ ചൂണ്ടിക്കാട്ടി.