42 C
Saudi Arabia
Tuesday, August 26, 2025
spot_img

തെരഞ്ഞെടുപ്പ് കമ്മീഷൻ തെളിവുകൾ ഇല്ലാതാക്കുന്നു; രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: പൊതുജനങ്ങള്‍ ഉന്നയിക്കുന്ന പരാതികള്‍ക്ക് മറുപടി നല്‍കുന്നതിനുപകരം, തെളിവുകള്‍ ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷനെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രസിദ്ധീകരിച്ച 45 ദിവസത്തിനു ശേഷം, സി‌സിടിവി, വെബ്‌കാസ്റ്റ്, വീഡിയോ ദൃശ്യങ്ങള്‍ നശിപ്പിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

“സി‌സിടിവി ദൃശ്യങ്ങള്‍ നല്‍കാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നു. ദൃശ്യങ്ങള്‍ നശിപ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാം നിശ്ചയിച്ചുറച്ച രീതിയിലാണ് നടക്കുന്നത്. ‘മാച്ച് ഫിക്‌സഡ്’ ആണെന്ന് പറഞ്ഞാല്‍ പോലും അതിലേറെ സത്യസന്ധമായിരിക്കും. മുന്നില്‍ വരുന്ന തെരഞ്ഞെടുപ്പുകളും അട്ടിമറിക്കപ്പെടാനുള്ള സാധ്യതയുണ്ട്,” രാഹുല്‍ ഗാന്ധി പറഞ്ഞു.

2024 മേയ് 30ന് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയച്ച കത്തിലാണ് വിവാദ നിര്‍ദേശം ഉള്‍പ്പെട്ടത്. തെരഞ്ഞെടുപ്പ് ഫലത്തിന്മേല്‍ 45 ദിവസത്തിനുള്ളില്‍ കോടതിയില്‍ പ്രശ്‌നമുയര്‍ത്തിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ ഇല്ലാതാക്കാമെന്നായിരുന്നു കമ്മീഷന്റെ നിലപാട്.

ഇലക്ട്രോണിക് ഡേറ്റ ഉപയോഗിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം തടയാനാണ് ഈ നടപടിയെന്നായിരുന്നു കമ്മീഷന്‍ വിശദീകരിച്ചത്. ജനപ്രതിനിധി നിയമത്തിലെ വ്യവസ്ഥ പ്രകാരം പരാതികള്‍ 45 ദിവസത്തിനുള്ളില്‍ നല്‍കണം. അതിനനുസരിച്ചാണ് ദൃശ്യങ്ങള്‍ സൂക്ഷിക്കുന്ന കാലാവധി നിര്‍ണയിച്ചതെന്നും കമ്മീഷന്‍ വ്യക്തമാക്കി.

2023 ഡിസംബറില്‍ തന്നെ സി‌സിടിവി ദൃശ്യങ്ങള്‍ പൊതു ജനങ്ങള്‍ക്ക് ലഭ്യമാകില്ലെന്ന നിലപാടില്‍ കമ്മീഷന്‍ മാറ്റം വരുത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി പുതിയ നിര്‍ദ്ദേശങ്ങള്‍ പുറത്ത് വന്നു. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ അട്ടിമറി ആരോപണം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് പോളിംഗ് ബൂത്ത് സി‌സിടിവി ദൃശ്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്നാവശ്യവുമായി രാഹുല്‍ ഗാന്ധി രംഗത്തുവന്നത്.

Related Articles

- Advertisement -spot_img

Latest Articles