തിരുവനന്തപുരം: നിലമ്പൂർ ഉപ തെരെഞ്ഞെടുപ്പിൽ എൽഡിഎഫിൻറെ ദയനീയ പരാജയത്തിന് പിന്നാലെ യുഡിഎഫിനെ വിമർശിച്ചു പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ജമാഅത്തെ ഇസ്‌ലാമി എന്ന അപ്പം ഇപ്പോൾ യുഡിഎഫിന് മധുരിക്കും നാളെ കയ്ച്ചിരിക്കും തീർച്ച എന്ന തലക്കെട്ടോടെ എന്ന ഫേസ് ബുക്ക് പോസ്റ്റിലാണ് വിമർശനം ഉയർത്തിയത്.
യുഡിഎഫിൻറെ വിജയം വർഗീയ കക്ഷികളുടെ പിന്തുണയോടെയാണെന്ന സിപിഎം നേതാക്കളുടെ വിമർശനം ആവർത്തിക്കുകയായിരുന്നു മന്ത്രി റിയാസ്. ചൂടേറിയ രാഷ്ട്രീയ പോരാട്ടമാണ് നിലമ്പൂരിൽ നടന്നതെന്നും ജനവിധി പൂർണ്ണമനസ്സോടെ മാനിക്കുന്നുവെന്നും പോരായ്‌മകൾ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും മന്ത്രി ഫേസ് ബുക്കിൽ കുറിച്ചു.
മതരാഷ്ട്ര വാദികളായ ജമാഅത്തെ ഇസ്‌ലാമിയെ യുഡിഎഫ് രണ്ട് കൈയും നീട്ടി സ്വീകരിച്ചു. വോട്ടെണ്ണലിന്റെ തലേ ദിവസം ബിജെപി സ്ഥാനാർഥി പറഞ്ഞത് ഇടതുപക്ഷം വിജയിക്കാതിരിക്കാൻ ബിജെപി വോട്ടുകൾ യുഡിഎഫിന് നൽകിയെന്നാണ്. 2016ൽ ലഭിച്ചതിനേക്കാൾ നാലായിരത്തോളം വോട്ടുകൾ ബിജെപിക്ക് കുറവാണ് ലഭിച്ചത്. സംസ്ഥാനത്ത് തുടർ ഭരണം നടത്തുന്ന സർക്കാരിനെതിരെയുള്ള വിധിയെഴുത്താണെന്ന് വരുത്തി തീർക്കാൻ ആരൊക്കെ ശ്രമിച്ചാലും അത് വസ്‌തുതയാവില്ലെന്നും റിയാസ് ഫേസ് ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.