ബംഗളുരു: മംഗളുരു റിഫൈനറി ആൻഡ് പെട്രോ കെമിക്കൽസ് ലിമിറ്റഡിൽ വിഷവാതക ചോർച്ച. മലയാളിയുൾപ്പടെ രണ്ട് ജീവനക്കാർക്ക് ദാരുണാന്ത്യം. എംആർപിഎൽ ഓപ്പറേറ്റർമാരായ കോഴിക്കോട് കക്കോടി സ്വദേശി ബിജിൽ പ്രസാദ്, ഉത്തർ പ്രദേശ് പ്രയാഗ് രാജിൽ നിന്നുള്ള ദീപ് ചന്ദ്ര എന്നിവരാണ് മരിച്ചത്.
ശനിയാഴ്‌ച രാവിലെയായിരുന്നു അപകടം. രണ്ടുപേരെയും ടാങ്ക് പ്ലാറ്റഫോമിന് മുകളിൽ ബോധരഹിതനായി കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷപെടുത്താനായില്ല. രക്ഷാ പ്രവർത്തനത്തിനിടെ സ്ഥാപനനത്തിലെ മറ്റൊരു ജീവനക്കാരനും പരിക്കേറ്റു. ഇയാൾ അപകടനില തരണം ചെയ്‌തതായി ഡോക്‌ടർമാർ അറിയിച്ചു.
ഓയിൽ മൂവ്മെന്റ് ഏരിയയിലെ സംഭരണ ടാങ്കിൻറെ പ്ലാറ്റ്‌ഫോമിൽ തകരാറുണ്ടോ എന്ന് പരിശോധിക്കാൻ കയറിയപ്പോഴായിരുന്നു അപകടം. റിഫൈനറിയിലെ ചോർച്ച പരിഹരിച്ചതായി കമ്പനി അതികൃതർ അറിയിച്ചു. പോസ്റ്റ്‌മോർട്ടം നടത്തിയതിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി അധികൃതർ അറിയിച്ചു