പാലക്കാട്: കാർ പൊട്ടിത്തെറിച്ചു പൊള്ളലേറ്റു ചികിൽസയിലായിരുന്ന രണ്ട് കുട്ടികളും മരിച്ചു. പാലക്കാട് പൊൽപുള്ളിയിലുണ്ടായ അപകടത്തിൽ എമിലീന (4), ആൽഫ്രഡ് (6) എന്നിവരാണ് മരിച്ചത്. അപകടത്തിൽ പൊള്ളലേറ്റ അമ്മ എൽസി മാർട്ടിൻ, സഹോദരി അലീന (10) എന്നിവർ ചികിസയിൽ തുടരുകയാണ്. എൽസിയുടെ നിലഗുരുതരമായി തുടരുകയാന്നെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിക്കായിരുന്നു കാർ പൊട്ടിത്തെറിച്ചു തീപിടിച്ചത്. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. പാലക്കാട് സ്വകാര്യ ആശുപത്രിയിൽ നേഴ്‌സായ എൽസി ജോലി കഴിഞ്ഞു തിരിച്ചെത്തി വീട്ടിൽ കാർ പാർക്ക് ചെയ്‌തതായിരുന്നു.
ഒരു മണിക്കൂറിന് ശേഷം മക്കൾക്കൊപ്പം പുറത്തു പോവുന്നതിനായി കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ തീ പിടിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. എൽസിയുടെ ഭർത്താവ് മാർട്ടിൻ ഒന്നരമാസം മുൻപാണ് മരിച്ചത്. അട്ടപ്പാടി സ്വദേശികളായ എൽസിയും കുടുംബവും അഞ്ചു വർഷം മുൻപാണ് പൊൽപുള്ളിയിലേക്ക് താമസം മാറിയത്. കാലപ്പഴക്കം ചെന്ന കാറിൽ ബാറ്ററി ഷോർട് സർക്യൂട്ട് സംഭവിച്ചതായിരിക്കാം അപകട കാരണമെന്ന് ഫയർ ഫോയ്‌സിന്റെ പ്രാഥമിക നിഗമനം.