ന്യൂ ഡൽഹി : യമനിൽ കൊലക്കേസിലെ പ്രതി നിമിഷ പ്രിയക്ക് വധശിക്ഷയിൽ നിന്ന് താത്കാലിക മോചനം ലഭിക്കുന്നതിൽ കാന്തപുരത്തിന്റെ ഇടപെടൽ വ്യക്തമാക്കി യമൻ പത്രം. യമനിലെ പ്രമുഖ പത്രമായ അൽ മശ്ഹാദ് ആണ് ഈ വാർത്ത പുറത്ത് വിട്ടത്.
ഇന്ത്യൻ സംസ്ഥാനമായ കേരളത്തിൽ നിന്നുള്ള പ്രമുഖ സുന്നി നേതാവ് ഷെയ്ഖ് അബൂബക്കർ മുസ്ലിയാരുടെ മധ്യസ്ഥതയാണ് കേസിന് വഴിത്തിരിവ് ആയതെന്നാണ് പത്രം റിപ്പോർട്ട് ചെയ്തത്.
സൂഫി ഷെയ്ഖ് ഹബീബ് ഒമർ ബിൻ ഹാഫിസിന്റെ പ്രതിനിധികളും കോല ചെയ്യപ്പെട്ട മഹ്ദി കുടുംബവും തമ്മിൽ ധമർ നഗരത്തിൽ ചർച്ചകൾ തുടരുന്നതിനിടെയാണ് ശിക്ഷ നടപ്പാക്കുന്നത് മാറ്റിവച്ചത്. ഈ ചർച്ചകൾ സാധ്യമായത് കാന്തപുരത്തിന്റെ ഇടപെടൽ മൂലമാണ് എന്നും റിപ്പോർട്ടിലുണ്ട്.
2025 ജൂലൈ 16 ന് നടക്കേണ്ടിയിരുന്ന ഇന്ത്യൻ നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ സനയിലെ ജുഡീഷ്യൽ അധികാരികൾ മാറ്റിവച്ചു. കൊലപാതക കേസിൽ വധശിക്ഷ നേരിടുന്ന പ്രിയയ്ക്ക്, നയതന്ത്ര, മതപരമായ ശ്രമങ്ങളെ തുടർന്ന് താൽക്കാലിക ആശ്വാസം ലഭിച്ചതായി വൃത്തങ്ങൾ പറഞ്ഞു.
കേസ് ആരംഭിച്ചതുമുതൽ ഇന്ത്യൻ സർക്കാർ എല്ലാ പിന്തുണയും നൽകുന്നുണ്ടെന്നും, 2017 ൽ പ്രിയ കൊലപാതകത്തിന് ശിക്ഷിക്കപ്പെട്ട യെമൻ പൗരൻ തലാൽ അബ്ദു മഹ്ദിയുടെ കുടുംബവുമായി ഒത്തുതീർപ്പിലെത്താൻ നിമിഷ പ്രിയയുടെ കുടുംബത്തിന് കൂടുതൽ സമയം ലഭിക്കുന്നതിനായി അടുത്തിടെ ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ടെന്നും വൃത്തങ്ങൾ പത്രം റിപ്പോർട്ട് ചെയ്തു.