തിരുവനന്തപുരം: മതസ്‌പർദ്ദ വളർത്തുന്ന രീതിയിലുള്ള വെള്ളാപ്പള്ളി നടേശൻറെ പ്രസ്താവനകൾക്കെതിരെ പരോക്ഷ വിമർശനവുമായി സിപിഎം. മതനിരപേക്ഷ സംസ്‌കാരത്തിന് പോറലേൽപ്പിക്കുന്ന ഇടപെടലുകൾ ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും ജാഗ്രത പാലിക്കണം. മതവൈരം ഉണ്ടാക്കുന്ന തരത്തിൽ പ്രശ്‌നങ്ങൾ അവതരിപ്പിക്കരുതെന്നും വെള്ളാപ്പള്ളി നടേശൻറെ പേര് പരാമർശിക്കാതെ പുറത്തിറക്കിയ പ്രസ്ഥാനവനയിൽ പറയുന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിൻറെതാണ് പ്രസ്‌താവന.
പ്രസ്‍താവനയുടെ പൂർണ രൂപം
കേരളത്തിന്റെ മത നിരപേക്ഷ സംസ്ക്കാരത്തിന് പോറലേൽപ്പിക്കുന്ന ഇടപെടലുകൾ ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും അതിനെതിരെ ജാഗ്രത പുലർത്തണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ പറഞ്ഞു.
കേരളത്തിലെ എൽഡിഎഫ് സർക്കാർ കേന്ദ്ര സർക്കാരിൻറെ തെറ്റായ നയങ്ങൾക്കെതിരെ ബദൽ നയങ്ങളുയർത്തി മുന്നോട്ട് പോവുകയാണ്. എല്ലാ വിഭാഗം ജനങ്ങളും അനുഭവിക്കുന്ന അവശതകൾ പരിഹരിക്കുന്നതിനുള്ള നിലപാടുകൾ സ്വീകരിച്ചുകൊണ്ടാണ് പ്രവർത്തിക്കുന്നത്. സാമൂഹ്യനീതിയും മതനിരപേക്ഷതയും ആ നയത്തിൻറെ അടിസ്ഥാനവുമാണ്.