ജിസാൻ: മലപ്പുറം താനൂർ പനങ്ങാട്ടൂർ സ്വദേശി ജിസാനിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. പനങ്ങാട്ടൂർ സ്വദേശി വെള്ളയിൽ അലി (46) യാണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. ജിസാൻ സബിയയിലെ ബൂഫിയയിൽ ജോലി ചെയ്‌തു വരികയായിരുന്നു. ജോലിക്കിടെ ഞായറാഴ്ച രാവിലെ കുഴഞ്ഞ് വീണതിനെ തുടർന്ന് സബിയ ജനറൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെ ആശുപത്രിയിൽ വെച്ച് മരണം സംഭവിക്കുകയുമായിരുന്നു.
മൃതദേഹം സൗദിയിൽ മറവ് ചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ജിസാൻ കെ.എം.സി.സി വെൽഫെയർ വിംഗിന്റെ നേതൃത്വത്തിൽ മരണാനുബന്ധ നടപടിക്രമംങ്ങൾ പൂർത്തിയാക്കി വരുന്നു. സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സംശു പൂക്കോട്ടൂർ, സബിയ കെ.എം.സി.സി ആക്ടിംഗ് പ്രസിഡണ്ട് സാലിം നെച്ചിയിൽ,ആരിഫ് ഒതുക്കുങ്ങൽ,ബഷീർ ഫറോക്ക്,കരീം മുസ്ലിയാരങ്ങാടി തുടങ്ങിയവർ രംഗത്തുണ്ട്.