ദമ്മാം: ഒ ഐ സി സി ഈസ്റ്റേൺ പ്രോവിൻസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ, മുൻ മുഖ്യമന്ത്രി യശ:ശരീരനായ ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമ വാർഷികം “ജനമനസ്സിലെ ജനനായകൻ” എന്ന തലക്കെട്ടോടെ ആചരിച്ചു. മുതിർന്നവർക്കുള്ള പ്രസംഗ മത്സരം, ഉമ്മൻ ചാണ്ടിയുടെ ജീവിതത്തിലെ ഓരോ സംഭവങ്ങളും കൂട്ടിയിണക്കിയ ഡോക്യുമെൻററി പ്രദർശനം തുടങ്ങിയ പരിപാടികൾ വാർഷിക ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു.
ദമ്മാം ബദർ അൽ റാബി ആഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയുടെ അനുസ്മരണ സമ്മേളനം ഈസ്റ്റേൺ പ്രോവിൻസ് പ്രസിഡൻറ് ഇ കെ സലീമിൻ്റ അദ്ധ്യക്ഷതയിൽ സൗദി നാഷണൽ പ്രസിഡൻറ്റ് ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു. ജനഹൃദയങ്ങളിൽ ഒരിക്കലും കെടാത്ത ഓർമ്മയാണ് ഉമ്മന്‍ ചാണ്ടി. അദ്ദേഹത്തിൻറെ രാഷ്ട്രീയ ജീവിതം ജനകീയതയുടെ ഏറ്റവും ഉന്നതമായ ഉദാഹരണമാണ്. ആൾക്കൂട്ടത്തെ ആത്മബമാക്കി അദ്ദേഹം കേരളരാഷ്ട്രീയത്തിൻ്റ ചരിത്രം തൻ്റെ പേരൊപ്പം ചേർത്തു. പൊതു പ്രവർത്തകൻ എങ്ങനെ ജനകീയനായിരിക്കണം എന്ന് നാം പഠിക്കേണ്ടത് അദ്ദേഹത്തിൽ നിന്നാണെന്ന് ബിജു കല്ലുമല പറഞ്ഞു.
കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങൾ ആശങ്കയില്ലാതെ മറികടക്കാൻ ഉമ്മൻചാണ്ടിക്ക് ഉണ്ടായിരുന്ന കഴിവായിരുന്നു കേരള രാഷ്ട്രീയത്തിലും കോൺഗ്രസ് രാഷ്ട്രീയത്തിലും ഉമ്മൻ ചാണ്ടിയെ പ്രബലനാക്കിയത്. ജനകീയതയും, രാഷ്ട്രീയ അടവും അനുനയവും ഉമ്മന്‍ ചാണ്ടിയോളം പയറ്റിയ മറ്റൊരു നേതാവ് ഒരുപക്ഷെ കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വേറെയുണ്ടാവില്ല. എത്ര പറഞ്ഞാലും എഴുതിയാലും തീരാത്ത ഓർമ്മകൾ അവശേഷിപ്പിച്ചാണ് ഉമ്മൻ ചാണ്ടി യാത്രപറഞ്ഞ് പിരിഞ്ഞത്.
ജനപ്രതിനിധി എന്നൊരു വാക്കിന് പുതിയ നിര്‍വചനവും അതോടൊപ്പം ജനഹൃദയങ്ങളില്‍ പുതിയ ചരിത്രവും സൃഷ്‌ടിച്ച പച്ചയായ മനുഷ്യനാണ് ഉമ്മന്‍ ചാണ്ടി.ഉമ്മൻ ചാണ്ടിയെന്നാൽ ആൾക്കൂട്ടമായിരുന്നു. തനിച്ചാകാൻ ഇഷ്ടപ്പെടാത്ത, എന്നും എപ്പോഴും ജനങ്ങൾക്ക് നടുവിൽ ജനത്തിന്റെ കൈപിടിച്ചുനിന്ന നേതാവ്. ലോകത്ത് തന്നെ ഇത്രയധികം ജനങ്ങളോട് നേരിട്ട് സംവദിച്ച മറ്റൊരു ജനനേതാവ് ഉണ്ടാകുമോ എന്നത് സംശയമാണ്.
രാഷ്‌ട്രീയ നീക്കങ്ങള്‍ക്കിടയില്‍ പലപ്പോഴും പാര്‍ട്ടി പ്രതിസന്ധി ഘട്ടങ്ങളിലെത്തുമ്പോള്‍ താങ്ങി നിര്‍ത്തി ധൈര്യം പകര്‍ന്ന നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി. ആളും ആരവവുമാണ് അദ്ദേഹത്തിന്‍റെ കൈമുതല്‍. സാധാരാണക്കാരുടെ പ്രശ്‌നങ്ങളില്‍ നേരിട്ട് ഇടപ്പെട്ടിരുന്ന ഇതുപോലൊരു നേതാവിനെ കേരളക്കര അദ്ദേഹത്തിനും മുമ്പും ശേഷവും കണ്ടിട്ടില്ലെന്ന് പറയാം. പ്രശ്‌നങ്ങൾക്ക് അതിവേഗം പരിഹാരം കണ്ടെത്തുന്നതിൽ കർക്കശമുള്ള വ്യക്തിയായിരുന്നു ഉമ്മൻ ചാണ്ടി. പിന്നാലെ ‘ജനസമ്പർക്കം’ എന്ന ഒരു പരാതി പരിഹാര മാർഗം പരിപാടി നടത്തുകയും ചെയ്‌തു.
പ്രീഡിഗ്രി വിദ്യാഭ്യാസം സർക്കാർ ചെലവിലാക്കിയതും കുറഞ്ഞ ചെലവിൽ രാജ്യാന്തര വിമാന സർവീസ് കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിൽ നിന്നും ആരംഭിച്ചതും മുതൽ വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിന്‍റെ പണി തുടങ്ങിയതും ഉമ്മൻ ചാണ്ടിയുടെ സംഭാവനകളായിരുന്നു. പുറമെ വിഴിഞ്ഞം തുറമുഖ പദ്ധതി സംബന്ധിച്ച കരാറിൽ ഒപ്പിട്ടതും കൊച്ചി മെട്രോ സർവീസ് ആരംഭിച്ചതും കണ്ണൂരിൽ വിമാനം പറത്താനായതുമെല്ലാം അദ്ദേഹത്തിന്‍റെ ഇടപെടലുകളുടെ ഫലമായി മാറി. കർഷകത്തൊഴിലാളി പെൻഷൻ, തൊഴിലില്ലായ്‌മ വേതനം തുടങ്ങിയ ക്ഷേമ പെൻഷനുകൾ എല്ലാ മാസവും നൽകാൻ തീരുമാനിച്ചതും അദ്ദേഹത്തിന്‍റെ ഭരണകാല പരിഷ്‌കാരങ്ങളാണ്.
ജനങ്ങളുമായുള്ള മുറിയാത്ത ആത്മ ബന്ധത്തിന്റെ ഇഴയടുപ്പമാണ് തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്കുള്ള വിലാപയാത്രയിൽ വഴിയോരങ്ങളിൽ കാണാനായത്. ഉമ്മന്‍ ചാണ്ടി അവേശിഷിപ്പിച്ച് പോയ ശൂന്യത കേരള രാഷ്‌ട്രീയില്‍ ഇന്നും അതേപടി നിലനില്‍ക്കുന്നു. അദ്ദേഹത്തിൻറെ രാഷ്ട്രീയ വീക്ഷണങ്ങളും, പ്രവർത്തനങ്ങളും ഊർജ്ജമാക്കി ജനകീയ സംഘടനാ പ്രവർത്തനം നടത്താൻ ഒ ഐ സി സി പ്രവർത്തകരോട് ബിജു കല്ലുമല ആഹ്വാനം ചെയ്തു.
ആലിക്കുട്ടി ഒളവട്ടൂർ (കെ എം സി സി) റൗഫ് ചാവക്കാട് (പ്രവാസി വെൽഫെയർ) ഒ ഐ സി സി ഗ്ലോബൽ പ്രതിനിധികളായ ഹനീഫ് റാവുത്തർ, ജോൺ കോശി, ഒ ഐ സി സി നാഷണൽ സെക്രട്ടറി നസീർ തുണ്ടിൽ, പ്രോവിൻസ് കമ്മിറ്റി വൈസ് പ്രസിഡൻ്റുമാരായ ഷിജില ഹമീദ്, ഷംസ് കൊല്ലം, ഡോ: സിന്ധു ബിനു, കൊല്ലം ജില്ലാ കമ്മിറ്റി പ്രസിഡൻറ് സുരേഷ് റാവുത്തർ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.പ്രോവിൻസ് ആക്ടിംഗ് സംഘടനാകാര്യ ജനറൽ സെക്രട്ടറി സക്കീർ പറമ്പിൽ സ്വാഗതവും ട്രഷറർ പ്രമോദ് പൂപ്പാല നന്ദിയും പറഞ്ഞു. വൈസ് പ്രസിഡൻറ് നൗഷാദ് തഴവ അവതാരകൻ ആയിരുന്നു.
ഒ ഐ സി സി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി ഹമീദ് മരക്കാശ്ശേരി തയ്യാറാക്കിയ “ഓർമ്മയിലെ ഉമ്മൻചാണ്ടി” എന്ന ഡോക്യുമെൻററി വളരെ ഹൃദയഹാരി ആയിരുന്നു. പ്രസംഗ മത്സരത്തിൽ ഹമീദ് മരക്കാശ്ശേരി ഒന്നാം സമ്മാനവും ഷാജി മോഹനൻ രണ്ടാം സമ്മാനവും റോയ് വർഗ്ഗീസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ആൽബിൻ ജോസഫ്, ജോസഫ് എം പാലത്തറ എന്നിവർ വിധികർത്താക്കളായിരുന്നു.
പ്രോവിൻസ് കമ്മിറ്റി നേതാക്കളായ സി.ടി ശശി, അൻവർ വണ്ടൂർ, ആസിഫ് താനൂർ, നിഷാദ് കുഞ്ചു, മനോജ് കെ.പി, യഹിയ കോയ എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി