കോഴഞ്ചേരി: മാതാപിതാക്കളുടെ അറിവോടെ പതിനഞ്ചുകാരിയെ വീട്ടിലെത്തി പീഡിപ്പിച്ച സുഹൃത്ത് പിടിയിൽ. കോഴിക്കോട് നരിക്കുനി സ്വദേശി മണ്ണാറചാലിൽ സനോജിനെയാണ്(41) കോയിപ്രം പോലീസ് അറസ്‌റ്റ് ചെയ്‌തത്.
കഴിഞ്ഞ ജൂൺ 27 നാണ് സനോജ് കുട്ടിയുടെ വീട്ടിലെത്തിയത്. തുടർന്നുള്ള ദിവസങ്ങളിൽ വീട്ടിൽ വെച്ച് ഇയാൾ കുട്ടിയോട് ലൈംഗിക അതിക്രമം കാണിക്കുകയും കുട്ടിയെ ബലാൽസംഗത്തിന് ഇരയാക്കുകയൂം ചെയ്‌തുവെന്നാണ് കേസ്. കേസിൽ കുട്ടിയുടെ അഛനും അമ്മയും രണ്ടും മൂന്നും പ്രതികളാണ്.
ഒരു വർഷം മുൻപാണ് കുട്ടി ഫേസ്‌ബുക്ക് വഴി സനോജിനെ പരിചയപ്പെടുന്നത്. പത്താം ക്‌ളാസിൽ പഠിക്കുമ്പോൾ അമ്മ വാങ്ങി നൽകിയ പുതിയ ഫോണിലൂടെയായിരുന്നു ഇരുവരും സന്ദേശങ്ങൾ കൈമാറിയിരുന്നത്. വീഡിയോ കാൾ ചെയ്യാറുമുണ്ടായിരുന്നു.
എൻസിസി ക്യാമ്പിൽ ജോലിയാണെന്നും മറ്റും ഇയാൾ കുടുംബത്തെ ബോധ്യപെടുത്തിയിരുന്നു. മാതാപിതാക്കളുടെ വിശ്വാസം ആർജ്ജിച്ചെടുത്ത ഇയാൾ ഇവരുടെ അറിവോടെയാണ് വീട്ടിലെത്തിയതും കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതെന്നും പറയുന്നു. തുടർന്ന് ബന്ധു മരിച്ചെന്ന് പറഞ്ഞാണ് സനോജ് പോയത്.
കുട്ടിയുടെ സ്വഭാവത്തിലെ മാറ്റങ്ങൾ ശ്രദ്ധിച്ച സ്‌കൂൾ അധ്യാപകരാണ് വിവരങ്ങൾ ചോദിച്ചറിഞ്ഞ് ചൈൽഡ് ലൈൻ മുഖേനെ പോലീസിനെ വിവരങ്ങൾ അറിയിച്ചത്. കോയിപ്രം പോലീസ് വനിതാ എസ്‌ഐ ഐവി ആശ പെൺകുട്ടിയിൽ നിന്നും വിശദമായി മൊഴിയെടുത്തു. മൊഴി പിന്നീട് കോടതിയിലും രേഖപ്പെടുത്തി. പോലീസ് ഇൻസ്‌പെക്ടർ പിഎം ലിപിയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നുണ്ട്.