കൊച്ചി: വിദ്യാർഥികളുടെ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ സിബിഎസ്ഇ സ്‌കൂളുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനം. ഇത് സംബന്ധിച്ച തീരുമാനം സിബിഎസ്ഇ എല്ലാ സ്‌കൂളുകളെയും അറിയിച്ചു. സ്‌കൂൾ പരിസരങ്ങളിലെ എല്ലാ പ്രധാന സ്ഥലങ്ങളിലും ഓഡിയോ വിഷ്വൽ റെക്കോർഡിങ് ഉള്ള ഉയർന്ന റസല്യൂഷൻ സിസിടിവി ക്യാമറകൾ സ്ഥാപിക്കാനാണ് നിർദ്ദേശം.
ഇത് സംബന്ധിച്ച സർക്കുലർ സിബിഎസ്ഇ പുറത്തിറക്കി. ടോയ്‌ലെറ്റുകളും ശുചിമുറികളും ഒഴികെയുള്ള പ്രധാനപ്പെട്ട മുഴുവൻ സ്ഥലങ്ങളിലും ക്യാമറകൾ സ്ഥാപിക്കും. 2018 അഫിലിയേഷൻ നിയമാവലി ഭേദഗതി വരുത്തിയാണ് സിബിഎസ്‌ഇ സ്‌കൂളുകളിൽ ക്യാമറ നിർബന്ധമാക്കിയത്. സ്‌കൂൾ അധികൃതർക്ക് 15 ദിവസത്തെ ഫൂട്ടേജ് ബാക്കപ്പ് ലഭ്യമാകുന്ന തരത്തിലായിരിക്കണം ക്യാമറകൾ സജ്ജീകരിക്കേണ്ടത്.
സ്‌കൂളിലെ കുട്ടികളുടെ സുരക്ഷ സംബന്ധിച്ച് 2021ൽ നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് പുറത്തിറക്കിയ മാന്വൽ അനുസരിച്ചാണ് ക്യാമറകൾ സ്ഥാപിക്കുന്നതെന്നും സിബിഎസ്ഇ വ്യക്തമാക്കി. കുട്ടികളുടെ സമഗ്രമായ വളർച്ചക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുകയാണ് ലക്ഷ്യമെന്ന് സിബിഎസ്ഇ സെക്രട്ടറി ഹിമാൻഷു ഗുപ്‌ത വ്യക്തമാക്കി.