ന്യൂഡൽഹി: പ്രധാനമന്തി നരേന്ദ്ര മോഡി അഞ്ചുവർഷത്തിനിടെ വിദേശ യാത്രക്ക് വേണ്ടി ചെലവഴിച്ചത് 350 കോടി രൂപ. തൃണമൂൽ കോൺഗ്രസ് എംപി ഡെറിക് ഒബ്രിയൻ രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് വിദേശ കാര്യ മന്ത്രാലയം നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ ഉള്ളത്. വിദേശ കാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗാണ് കണക്കുകൾ രാജ്യസഭയിൽ വെളിപ്പെടുത്തിയത്.
2021 ൽ 36 കോടി രൂപയും 2022 ൽ 55.82 കോടി രൂപയും 2023 ൽ 93 കോടി രൂപയും 2024ൽ 100 കോടിയിലധികം രൂപയും 2025 ൽ ഇതുവരെ അഞ്ചു രാജ്യങ്ങൾ സന്ദർശിച്ചതായും ഇതിനായി 67 കോടിയിലധികം രൂപയും ചെലവഴിച്ചതായും രാജ്യസഭയിൽ അവതതരിപ്പിച്ച കണക്കുകളിൽ കേന്ദ്ര സഹ മന്ത്രി വ്യക്തമാക്കി. ഏറ്ററ്വും കൂടുതൽ സംഖ്യ ചെലവഴിച്ചത് ഫ്രാൻസ് യാത്രക്കാണ് 25.59 കോടി രൂപ. അമേരിക്ക സന്ദർശനത്തിന് 16.54 കോടി രൂപയും സൗദി അറേബ്യ സന്ദർശനത്തിന് 15.54 കോടി രൂപയും തായ്‌ലാൻഡ് സന്ദർശനത്തിന് 4.92 കോടി രൂപയും ശ്രീലങ്ക സന്ദർശനത്തിന് 4.46 കോടി രൂപയും ഇതിനകം ചെലവഴിച്ചിട്ടുണ്ട്.
സൈപ്രസ്, കാനഡ, മാലിദ്വീപ്, ക്രയേഷ്യ, ഘാന, അർജന്റീന, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, ബ്രസീൽ, നമീബിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രാബില്ലുകൾ ഇതുവരെ സമർപ്പിച്ചിട്ടില്ലാത്തതിനാൽ ഈ കണക്കുരുകളിൽ ഉൾപെട്ടിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
ഈ കാലയളവിൽ പ്രധാനമന്ത്രി 33 വിദേശ യാത്രകൾ നടത്തിയതായും വിദേശ പൊതു പരിപാടികളുടെ പരസ്യങ്ങൾക്കായി 1.03 കോടി രൂപ ചെലവഴിച്ചു. ഈജിപ്‌തിലെ പരിപാടിക്ക് മാത്രം 11.90 ലക്ഷം രൂപ പരസ്യങ്ങൾക്കായി ചെലവഴിച്ചു. എന്നാൽ പല രാജ്യങ്ങളിലും പരസ്യങ്ങൾക്ക് വേണ്ടി ചെലവഴിച്ച ചെലവുകളുടെ കണക്കുകൾ രേഖപ്പെടുത്തിയിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു.