തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി പ്രസിഡൻറ് പാലോട് രവിയുടെ ഫോൺ സംഭാഷണത്തെ ഗൗരവത്തോടെ കാണുന്നുവെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. വിഷയം എഐസിസി നേതൃത്വത്തിൻറെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന നേതാക്കളുമായും വിഷയം ചർച്ച ചെയ്യുന്നുണ്ട്. പാലോട് രവിയോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം സംഭാഷണം നിഷേധിച്ചിട്ടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. സംസ്ഥാനത്ത് എൽഡിഎഫ് തുടർ ഭരണം ഉണ്ടാവുമെന്ന് പാലോട് രവി പറഞ്ഞിരുന്നു. പ്രാദേശിക കോൺഗ്രസ് നേതാക്കളുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് അദ്ദേഹം ഇങ്ങിനെ പറഞ്ഞത്.
“തദ്ദേശതെരഞ്ഞെടുപ്പോടെ കോൺഗ്രസ് ഇല്ലാതാകും, പാർട്ടി മൂന്നാം സ്ഥാനത്തേക്ക് പോകും, ഇതോടെ കോൺഗ്രസ് എടുക്കാചരക്കാകും. നിയമ സഭയിൽ കോൺഗ്രസ് ഉച്ചിക്കുകുത്തി താഴെ വീഴും. പാർലമെൻറ് തെരെഞ്ഞെടുപ്പിൽ കാശ് കൊടുത്ത് ബിജെപി വോട്ട് പിടിച്ചത് പോലെ വോട്ട് പിടിക്കും. മാർക്‌സിസ്റ്റ് പാർട്ടി ഭരണം തുടരും. ഇതാണ് കേരളത്തിൽ സംഭവിക്കാൻ പോകുന്നത്. ഇതോടെ പാർട്ടിയുടെ അധോഗതിയാകും.” ഇതായിരുന്നു പാലോട് രവിയുടെ ഫോൺ സംഭാഷണം.
എന്നാൽ പ്രവർത്തകരെ സജ്ജീകരിക്കുന്നതിന് വേണ്ടിയാണ് അത്തരം പരാമർശം നടത്തിയതെന്ന് പാലോട് രവി വിശദീകരിച്ചു. നല്ല രീതിയിൽ പ്രവർത്തിച്ചില്ലെങ്കിൽ പാർട്ടിയെ ബാധിക്കുമെന്നായിരുന്നു പറഞ്ഞത്. ഈ ഭരണം തുടരാൻ ആരും ആഗ്രഹിക്കുന്നില്ല. ജനങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ ശക്തമായി പ്രവർത്തിക്കണമെന്നാണ് പ്രവർത്തകരോട് ആവശ്യപ്പെട്ടത്. ഫോൺ സംഭാഷണം ചോർത്തിയവരെ കണ്ടെത്തുമെന്നും അവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.