തൃശൂർ: യൂറോപ്പിലേക്ക് വർക്കിംഗ് വിസ നൽകാമെന്ന് വാഗ്‌ദാനം നൽകി ലക്ഷങ്ങൾ തട്ടിയ ദമ്പതികൾ പിടിയിൽ. കൊച്ചി കളമശ്ശേരി സ്വദേശികളായ പ്രയാഗ വീട്ടിൽ വിമൽ (40), ഭാര്യ രേഷ്‌മ(35) എന്നിവരാണ് കൊച്ചിയിൽ നിന്നും പിടിയിലായത്.
തൃശൂർ റൂറൽ പോലീസ് മേധാവി ബി കൃഷ്‌ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. ഏങ്ങണ്ടിയൂർ പൊക്കുളങ്ങര സ്വദേശിനിയായ യുവതിയിൽ നിന്നുമാണ് പ്രതികൾ രണ്ട് തവണയായി അഞ്ചര ലക്ഷം രൂപ കൈപ്പറ്റിയത്. മാൾട്ടയിലേക്ക് വർക്കിംഗ് വിസ ശരിപ്പെടുത്തി തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു പണം വാങ്ങിയിരുന്നത്. എന്നാൽ വിസ ശരിയാക്കി നൽകുകയോ വാങ്ങിയ പണം തിരികെ നൽകുകയോ ചെയ്‌തില്ലെന്നായിരുന്നു പരാതി.
വാടാനപ്പള്ളി പോലീസ് ഇൻസ്‌പെക്ടർ എൻബി ഷൈജു, എസ്‌ഐ സനദ് എൻ പ്രദീപ്, എസ്‌സിപിഒ ജിനേഷ്, സിപിഒ സുമി, അമൽരാജ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.