തൃശൂർ: തൃശൂർ കൂട്ടാലയിൽ അച്ഛനെ കൊലപ്പെടുത്തി മൃതദേഹം ചാക്കിലാക്കി ഉപേക്ഷിച്ചു. വീടിന് സമീപത്തെ പറമ്പിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൂട്ടാല സ്വദേശി സുന്ദരനാണ് (80) കൊല്ലപ്പെട്ടത്. സുന്ദരൻറെ മൂത്തമകൻ സുമേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പണത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.
പുത്തൂർ എന്ന സ്ഥലത്താണ് സുമേഷ് താമസിച്ചിരുന്നത്. രാവിലെ സുന്ദരന്റെ രണ്ടാമത്തെ മകനും കുടുംബവും പുറത്ത് പോയിരുന്നു. ആ സമയത്താണ് സുമേഷ് വീട്ടിലേക്ക് വന്നത്. സുന്ദരൻറെ മകളുടെ മക്കൾ ഇതേ വീട്ടിലായിരുന്നു താമസം. ഉച്ചക്ക് രണ്ട് മണിക്ക് തിരിച്ചെത്തിയ അവർ മുത്തച്ഛനെ കാണാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
വീട്ടിൽ രക്തം കണ്ടെങ്കിലും ചായ വീണതാണെന്നാണ് കരുതിയത്. വൈകീട്ട് അഞ്ച് മണിയോടെ തെരച്ചിൽ ആരംഭിച്ചു. തൊട്ടടുത്ത പറമ്പിൽ മൃതദേഹം വലിച്ച പാട് കണ്ട് അന്വേഷിച്ചപ്പോഴാണ് ചാക്കിൽ പൊതിഞ്ഞ മൃതദേഹം കണ്ടെത്തിയത്. മണ്ണുത്തി പോലീസ് ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ ആരംഭിച്ചു.
പുത്തൂരിൽ നിന്നാണ് സുമേഷിനെ പിടികൂടിയത്. സുന്ദരൻറെ കൈവശമുണ്ടായിരുന്ന ആഭരണങ്ങളും നഷ്ടമായിട്ടുണ്ട്. മദ്യലഹരിയിലായിരുന്നു സുമേഷ് സുന്ദരനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.