തിരുവനന്തപുരം: കോളേജിലെ യൂറോളജി വകുപ്പിൽ നിന്നും ഉപകരണങ്ങൾ നഷ്ടപെട്ടിട്ടില്ലെന്ന് ഡോക്ടർ ഹാരിസ് ചിറക്കൽ. ഉപകരണങ്ങൾ എല്ലാ വർഷവും ഓഡിറ്റ് ചെയ്യുന്നതാണെന്നും ഡോക്ടർ പറഞ്ഞു.
ഉപകരണങ്ങൾ ഒന്നും കാണാതായിട്ടില്ല. പതിനാല് ലക്ഷം രൂപ വില വരുന്നതാണ് ഓസിലോസ്കോപ്പ്. ആ ഉപകരണത്തിന്റെ എല്ലാ ഭാഗങ്ങളും ഉണ്ട്. ഉപകരണങ്ങൾ കേടാക്കിയിട്ടില്ലെന്നും ഹാരിസ് ചിറക്കൽ പറഞ്ഞു.
ഉപകരണം നഷ്ടപ്പെട്ടതായി നേരത്തെ ആരോപണം ഉണ്ടായിരുന്നു. അത് കള്ള പരാതിയാണെന്ന് പിന്നീട് തെളിയുകയും ചെയ്‌തിരുന്നു. ഉപകരണങ്ങൾ കേടായെന്ന് വിദഗ്‌ധ സമിതി പറയാൻ സാധ്യതയില്ല. മന്ത്രി പറഞ്ഞ കാര്യങ്ങളിൽ അന്വേഷണം നടന്നോട്ടെ എന്നും ഡോക്ടർ ഹാരിസ് പറഞ്ഞു.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സ പ്രതിസന്ധി വെളിപ്പെടുത്തി ഡോക്ടർ ഹാരിസ് ചിറക്കൽ രംഗത്തുവന്നിരുന്നു. തുടർന്ന് അന്വേഷണത്തിന് സർക്കാർ വിദഗ്‌ധ സമിതിയെ നിയമിക്കുകയും സമിതി റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്‌തിരുന്നു. യൂറോളജി ഡിപ്പാർട്മെന്റിലെ ചില ഉപകരണങ്ങൾ മനഃപൂർവം കേടാക്കിയെന്നും ചില ഉപകരണങ്ങൾ നഷ്ടപ്പെട്ടുവെന്നും റിപ്പോർട്ടിൽ ഉള്ളതായി ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞിരുന്നു.