ബെംഗളൂരു: ധർമ്മസ്ഥല കേസ് അന്വേഷണത്തിന് തിരിച്ചടിയായി പോലീസിന്റെ വീഴ്‌ച. 2000 മുതൽ 2015 വരെയുള്ള അസ്വാഭാവിക മരണങ്ങളുടെ രേഖകൾ നശിപ്പിച്ചതായി വിവരം. കാലഹരണപ്പെട്ട രേഖകൾ നശിപ്പിക്കണമെന്ന നിയമം അനുസരിച്ച് 2023 നവംബർ 23നാണ് രേഖകൾ നശിപ്പിക്കപ്പെട്ടത്. വിവരാവകാശ നിയമപ്രകാരം നൽകിയ ചോദ്യത്തിനാണ് ഇത്തരത്തിലുള്ള മറുപടി ലഭിച്ചത്.
തിരിച്ചറിയാത്ത മൃതദേഹങ്ങൾ കണ്ടെത്താൻ ഉപയോഗിച്ച പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ, ഫോട്ടോകൾ, നോട്ടീസുകൾ തുടങ്ങി എല്ലാ രേഖകളും നശിപ്പിക്കപ്പെട്ടു എന്നാണ് ബെൽത്തങ്കടി പോലീസ് അറിയിച്ചിരിക്കുന്നത്. ജസ്റ്റിസ് ഫോർ സൗജന്യ ആക്‌ഷൻ കമ്മിറ്റിയിലെ അംഗവും സാമൂഹിക പ്രവർത്തകനുമായ ജയന്ത് ആയിരുന്നു വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയിരുന്നത്.
2002 മുതൽ 2012 വരെയുള്ള പത്ത് വർഷത്തിനിടെ ധർമ്മസ്ഥലയിൽ റിപ്പോർട്ട് ചെയ്‌ത അസ്വാഭാവിക മരണങ്ങൾ 485 ആണെന്നാണ് ജയന്തിന് ലഭിച്ച മറുപടിയിലുള്ളത്. ഈ മരണങ്ങളുടെ എഫ്‌ഐആർ നമ്പറും ഡെത്ത് സെർട്ടിഫിക്കറ്റും ചോദിച്ചപ്പോഴാണ് രേഖകൾ നശിപ്പിച്ചെന്ന മറുപടി ലഭിച്ചത്.