തിരുവനന്തപുരം: അർജന്റീന ടീമും മെസിയും ഈ വർഷം കേരളത്തിലേക്ക് വരില്ലെന്ന് അറിയിച്ചതായി കായിക മന്ത്രി വി അബ്‌ദുറഹ്‌മാൻ. ഈ ഒക്ടോബർ മാസത്തിൽ മെസിയെ എത്തിക്കാനുള്ള ശ്രമമായിരുന്നു നടത്തിയിയുരുന്നത്. എന്നാൽ ഒക്ടോബറിൽ എത്താൻ കഴിയില്ലെന്ന് ബന്ധപ്പെട്ടവർ അറിയിക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
ഒക്ടോബറിൽ മാത്രമേ എത്തിക്കാൻ കഴിയൂ എന്ന് സ്പോണ്സർമാരും പറഞ്ഞിരുന്നു. ഇതോടെയാണ് താരത്തിൻറെ വരവ് സാധ്യമാവില്ലെന്ന് ഉറപ്പായത്. അർജന്റീന ടീമിനെ എത്തിക്കുന്നതിനായി കരാറിന്റെ ആദ്യ ഗഡു നൽകുകയും ചെയ്‌തിരുന്നു. ഈ വർഷം ഒക്ടോബറിൽ മെസിയും അർജന്റീന ടീമും കേരളത്തിലെത്തുമെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു.
അതേസമയം ഡിസംബർ മാസത്തിൽ മെസിയും അർജന്റീന ടീമും ഇന്ത്യയിലെത്തുമെന്ന് വാർത്തയുണ്ട്. ഷോപ്പുകളുടെ പ്രചാരണത്തിനായി മുംബൈ, കൊൽക്കൊത്ത, ഡൽഹി നഗരങ്ങളിൽ മെസി സന്ദർശിക്കുമെന്നാണ് വിവരം. അരുൺ ജെയ്റ്റ്ലി സ്റ്റേഡിയം, ഈഡൻ ഗാർഡൻസ്, വാംഖഡെ സ്റ്റേഡിയം എന്നിവിടങ്ങളിൽ മെസി സന്ദർശനം നടത്തിയേക്കു മെന്നാണ് അറിയുന്നത്. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നടക്കുന്ന ക്രിക്കറ്റ് മത്സരത്തിൽ മെസി പങ്കെടുക്കാനും സാധ്യതയുണ്ട്.