ജുബൈൽ: ഓർമകളിൽ ഒളിമങ്ങാതെ എന്ന പേരിൽ കെ.എം.സി.സി. ജുബൈൽ സിറ്റി ഏരിയ കമ്മിറ്റിയുടെ കീഴിൽ പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങൾ അനുസ്മരണം സംഘടിപ്പിച്ചു. ജുബൈൽ സെൻട്രൽ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങ്, ജുബൈൽ കെ.എം.സി.സി.യുടെ വിവിധ യൂണിറ്റുകളിലെ അംഗങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.
മതേതരത്വം, സൗഹൃദം, സഹിഷ്ണുത എന്നിവയിൽ ഊന്നി ജീവിച്ച ശിഹാബ് തങ്ങൾ സാഹോദരത്വത്തിന്റെ പ്രതീകമായിരുന്നുവെന്നു മുഖ്യ പ്രഭാഷണം നടത്തിയ പ്രമുഖ മത പണ്ഡിതനും കെ.എം.സി.സി. ജുബൈൽ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റുമായ റാഹി ഹുദവി പറഞ്ഞു. മതേതരത്വത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും പാഠം അദ്ദേഹം സമൂഹത്തെ പഠിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
സെൻട്രൽ കമ്മിറ്റി ആക്ടിങ് ജനറൽ സെക്രട്ടറി അബൂബക്കർ കാസർകോട്, ചെയർമാൻ ഹമീദ് പയ്യോളി, റാഫി കൂട്ടായി, സിറാജ് ചെമ്മാട്, സിദ്ദിഖ് താനൂർ, റിയാസ് ബഷീർ എന്നിവർ തങ്ങളുടെ ഓർമ്മകളും അനുഭവങ്ങളും പങ്കുവെച്ചു. സിറ്റി ഏരിയ പ്രസിഡന്റ് സൈദലവി പരപ്പനങ്ങാടി അധ്യക്ഷത വഹിച്ച യോഗം, സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡൻറ് ഷിബു കവലയിൽ ഉദ്ഘാടനം ചെയ്തു.
ഏരിയ ജനറൽ സെക്രട്ടറി ഷഫീഖ് താനൂർ സ്വാഗതവും, ഓർഗനൈസിങ് സെക്രട്ടറി റിയാസ് വേങ്ങര നന്ദിയും പറഞ്ഞു. ഏരിയ നേതാക്കളായ ജമാൽ ചേളാരി, അബ്ദുൽ സമദ്, ഹുസൈൻ ബാവ, സമീർ വളാഞ്ചേരി, അബൂബക്കർ അടക്ക എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.