റിയാദ്: സൗദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി നടത്തിയ റെയ്‌ഡിൽ 22000 ലധികം പേർ അറസ്റ്റിൽ. സൗദിയിലെ എല്ലാ പ്രദേശങ്ങളിലും നടത്തിയ സംയുക്ത ഫീൽഡ് കാമ്പെയ്‌നുകളുടെ ഫലമായാണ് ഈ അറസ്റ്റുകൾ നടന്നത്. ജൂലൈ 31 നും ഓഗസ്റ്റ് ആറിനുമിടയിൽ 22,072 കുറ്റവാളികളെ കസ്റ്റഡിയിലെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പിടിയിലായവരിൽ 13,833 പേർ താമസ നിയമങ്ങൾ ലംഘിച്ചവരും 4,624 പേർ അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചവരും 3,615 പേർ തൊഴിൽ നിയമങ്ങൾ ലംഘിച്ചവരുമാണ്. നിയമവിരുദ്ധമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച 1,640 വ്യക്തികളെയും അധികൃതർ തടഞ്ഞു. ഇതിൽ 35% യെമനിൽ നിന്നും 64% എത്യോപ്യയിൽ നിന്നും 1% മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ളവരാണ്. നിയമവിരുദ്ധമായി സൗദി അറേബ്യ വിടാൻ ശ്രമിച്ച 48 പേരെയും സേന കസ്റ്റഡിയിലെടുത്തു.
നിയമലംഘകരെ കൊണ്ടുപോകൽ, അഭയം നൽകൽ, ജോലി ചെയ്യിക്കൽ അല്ലെങ്കിൽ മറച്ചുവെക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി 37 പേരെ ഈ ഓപറേഷനിടയിൽ പോലീസ് അറസ്റ്റ് ചെയ്‌തു. നിലവിൽ, 20,601 പുരുഷന്മാരും 3,029 സ്ത്രീകളും ഉൾപ്പെടെ 23,630 നിയമലംഘകർ നിയമ നടപടികൾക്ക് വിധേയരാക്കിയിട്ടുണ്ട്.
ഇതിനകത്ത് നാടുകടത്തപ്പെട്ട 11,058 പേരും യാത്രാ രേഖകൾ ലഭിക്കുന്നതിനായി നയതന്ത്ര കേന്ദ്രങ്ങളിലേക്ക് റഫർ ചെയ്‌ത 16,162 വ്യക്തികളും, യാത്രാ ബുക്കിംഗ് കാത്തിരിക്കുന്ന 3,136 പേരും ഉൾപ്പെടുന്നുണ്ട്.
അതിർത്തി നിയമലംഘകരുടെ നിയമവിരുദ്ധമായ പ്രവേശനത്തിന് സൗകര്യമൊരു ക്കുന്നവർ, അവരെ കൊണ്ടുപോകുന്നവർ, അവർക്ക് അഭയം നൽകുന്നവർ, അത്തരത്തിലുള്ളവർക്ക് സഹായം നൽകുന്നവർ എന്നിവർക്ക് 15 വർഷം വരെ തടവും 1 ദശലക്ഷം റിയാൽ വരെ പിഴയും ചുമത്തുമെന്ന് മന്ത്രാലയം അറിയിച്ചു. കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനവും ഭവനവും കണ്ടുകെട്ടുമെന്നും പ്രവർത്തനങ്ങളിൽ ഏർപ്പെടുത്തുന്നവരുടെ വിവരങ്ങൾ പരസ്യപ്പെടുത്തുമെന്നും മന്ത്രാലയം ആവർത്തിച്ചു.
ഇത്തരം പ്രവർത്തങ്ങൾ ശ്രദ്ധയിൽ പെട്ടാൽ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലോ മറ്റ് പ്രദേശങ്ങളിൽ 999, 996 എന്നീ നമ്പറുകളിലോ വിളിച്ച് നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ പൊതുജനങ്ങളോട് മന്ത്രാലയം അഭ്യർഥിച്ചു.