ഗാസ: ഫലസ്‌തീനിലെ ഗാസയിൽ പോഷകാഹാരക്കുറവ് മൂലം ഇതുവരെ 98 കുട്ടികൾ മരണപെട്ടതായി ബിബിസി റിപ്പോർട്ട് ചെയ്‌തു. ഹമാസ് നിയന്ത്രണത്തിലുള്ള ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ചുകൊണ്ടാണ് ബിബിസിയുടെ റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രായേൽ സൈന്യത്തിൻറെ ആക്രമണത്തിൽ 38 പേർ കൊല്ലപ്പെട്ടതായും 491 പേർക്ക് പരിക്കേറ്റതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇരുപത് ലക്ഷത്തിലേറെ ഫലസ്‌തീനികൾ താമസിക്കുന്ന ഗാസയെ പൂർണമായും കീഴ്‌പ്പെടുത്തുന്നതിനുള്ള പദ്ധതിക്ക് കഴിഞ്ഞ ദിവസം ചേർന്ന് ഇസ്രായേൽ സുരക്ഷാ മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു.
ഇസ്രയേലിന്റെ കടുത്ത ഉപരോധത്തിൽ കടും പട്ടിണിയിലായ ഗാസക്കാരെ രക്ഷിക്കുന്നതിനും 22 മാസം പിന്നിട്ട ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കാനും അന്താരാഷ്ട്രതലത്തിൽ ശക്തമായ സമ്മർദ്ദങ്ങൾ നടക്കുന്നതിനിടെയാണ് ഇസ്രായേലിൻറെ ഈ തീരുമാനം.
ഹമാസിനെ ഉൻമൂലനം ചെയ്യുന്നതിന് ഗാസയുടെ നിയന്ത്രണം ഇസ്രായേൽ സൈന്യം ഏറ്റെടുക്കുമെന്നും യുദ്ധമേഖലകൾക്ക് പുറത്ത് സഹായം വിതരണം ചെയ്യുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.