റിയാദ്: സൗദി ഫാഷൻ കമ്മീഷനു കീഴിൽ ‘ദി ലാബ്’ ഫാഷൻ സ്റ്റുഡിയോ പ്രവർത്തനമാരംഭിച്ചു. സ്റ്റുഡിയോ ആസ്ഥാനമായ റിയാദിലെ മിസ്ക് സിറ്റി എന്നറിയപ്പെടുന്ന മുഹമ്മദ് ബിൻ സൽമാൻ നോൺപ്രോഫിറ്റ് സിറ്റിയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ നിരവധി ഉദ്യോഗസ്ഥരും വ്യവസായ വിദഗ്ധരും മാധ്യമ പ്രതിനിധികളും പങ്കെടുത്തു.
നൂതന അടിസ്ഥാന സൗകര്യങ്ങളും അത്യാധുനിക സാങ്കേതികവിദ്യകളുമാണ് ലാബിൽ സജ്ജീകരിച്ചിരിക്കുന്നത്. ദേശീയ, അന്തർദേശീയ തലങ്ങളിലേക്ക് പ്രാദേശിക പ്രതിഭകളെ ഉയർത്താൻ ലക്ഷ്യമിട്ട് പ്രാദേശിക ഡിസൈനർമാർക്കും ബിസിനസുകൾക്കും അവരുടെ ഉത്പന്നങ്ങൾ ‘മെയ്ഡ് ഇൻ റിയാദ്’ ലേബലിൽ പുറത്തിറക്കാനും അവസരവും ലഭിക്കും.
സൗദിയുടെ ഫാഷൻ മേഖലയുടെ സുപ്രധാന മുന്നേറ്റമാണ് ലാബ് അടയാളപ്പെടുത്തുന്നതെന്ന് ഫാഷൻ കമ്മീഷൻ സിഇഒ ബുറാക് കക്മാക് എടുത്തു പറഞ്ഞു. പ്രാദേശിക ഡിസൈനർമാർക്കും ബ്രാൻഡുകൾക്കും അവരുടെ കഴിവുകൾ പ്രതിഫലിപ്പിക്കാനുള്ള ഇടമായി ലാബ് പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.