വാഷിംഗ്ട്ടൺ : റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായുള്ള കൂടിക്കാഴ്ചയിൽ ശുഭാപ്തിവിശ്വാസമുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഉക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കാൻ മോസ്കോയുമായി ഒരു കരാറിൽ ഏർപ്പെടാൻ സാധ്യമാകുമോയെന്ന് ചർച്ചയുടെ ആദ്യ രണ്ട് മിനിറ്റിനുള്ളിൽ തന്നെ തനിക്ക് അറിയാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുന്നതിനായി വാഷിംഗ്ടണിന്റെ പോലീസ് സേനയെ ഫെഡറൽ ഏറ്റെടുക്കുന്ന പദ്ധതികൾ പ്രഖ്യാപിച്ചു വൈറ്റ് ഹൗസിൽ നടത്തിയ പ്രസംഗത്തിലാണ് ട്രംപ് ഇക്കാര്യങ്ങൾ പറഞ്ഞത്.
പുടിനുമായുള്ള വെള്ളിയാഴ്ചത്തെ കൂടിക്കാഴ്ച വികാരാധീനമായ ഒന്നായിരിക്കുമെന്ന് ട്രംപ് കരുതുന്നതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയെ അലാസ്കയിലെ ചർച്ചയിലേക്ക് ക്ഷണിക്കണമെന്ന് വൈറ്റ് ഹൗസ് നേരത്തെ നിർദ്ദേശിച്ചിരുന്നെങ്കിലും അദ്ദേഹം യോഗത്തിൽ പങ്കെടുക്കാൻ സാധ്യതയില്ല.
പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, അടുത്ത കൂടിക്കാഴ്ച സെലെൻസ്‌കിയും പുടിനുമായും ആയിരിക്കുമെന്നും എന്നാൽ താനും അതിൽ പങ്കാളിയാകുമെന്നും ട്രംപ് പറഞ്ഞു. ഇതിനിടയിലും, വെടിനിർത്തൽ നീക്കത്തെ ഗൗരവമായി എടുക്കാത്തതിൽ പുടിനോട് ട്രംപ് നിരാശ പ്രകടിപ്പിച്ചു.