റിയാദ് : സൗദി അറേബ്യയിലേക്ക് സ്വന്തം ആവശ്യത്തിനോ സുഹ്യത്തുക്കളുടെ ആവശ്യത്തിനോ വേണ്ടി മാനസികാരോഗ്യ പ്രശ്നങ്ങൾക്കോ ജനിതകരോഗങ്ങക്കോ വേണ്ടിയുള്ള മരുന്നുകളോ വേദന സംഹാരികളോ
കൊണ്ടുവരാനുള്ള നടപടി ക്രമങ്ങൾ കഴിഞ്ഞ ദിവസം സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി പ്രഖ്യാപിച്ചിരുന്നു. ഇത്തരത്തിൽ മരുന്നുകൾ കൊണ്ട് വരാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി, മലയാളം ന്യൂസ് ഓൺലൈൻ, സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി വെബ്ബ് സൈറ്റിലെ നിർദേശങ്ങൾ പ്രകാരം തയ്യാറാക്കിയ മാർഗ്ഗനിർദേശങ്ങൾ.
വ്യക്തിഗത അക്കൗണ്ട് ഉണ്ടാക്കുക എന്നതാണ് ആദ്യഘട്ടം. അതിനുള്ള മാർഗ്ഗങ്ങൾ താഴെ പറയുന്നവയാണ്.
1. cds.sfda എന്ന് ഗൂഗിളിൽ തിരയുക.
2. ആദ്യം വരുന്ന https://cds.sfda.gov.sa/ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
3. തുടർന്ന് വരുന്ന പേജിന്റെ മെനുവിൽ , വിമാന ചിഹ്നത്തോട് കൂടി വരുന്ന Create Traveler User എന്നതിൽ ക്ലിക്ക് ചെയ്യുക
4. ആവശ്യമായ മുഴുവൻ വിവരങ്ങളും, സൈറ്റ് നൽകിയ കോഡ് ടൈപ്പ് ചെയ്ത ശേഷം Create User എന്നതിൽ ക്ലിക്ക് ചെയ്യുക .
ഇതോടുകൂടി നിങ്ങൾ സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയിൽ രജിസ്ട്രാർ ചെയ്തു കഴിഞ്ഞു. ഇനിയാണ് മരുന്ന് കൊണ്ടുവരുവാനുള്ള അപേക്ഷ സമർപ്പിക്കേണ്ടത്.
അപേക്ഷ സമർപ്പിക്കും മുമ്പേ താഴെ പറയുന്ന രേഖകളും വിവരങ്ങളും കൈവശമുണ്ടെന്ന് ഉറപ്പുവരുത്തുക.
ആവശ്യമായ വിവരങ്ങൾ
1. രോഗിയുടെ സ്വകാര്യ വിവരങ്ങൾ
2. പൂർണ്ണ യാത്രാ വിശദാംശങ്ങൾ
3. ഓരോ മരുന്നിന്റെയും വ്യാപാര നാമം
4. മരുന്നിൽ അടങ്ങിയിരിക്കുന്ന ചേരുവകൾ അഥവാ കെമിക്കൽസിൻ്റെ വിവരങ്ങൾ.
5. മരുന്നിന്റെ സാന്ദ്രത
6. കഴിക്കേണ്ട അളവ്
7. ഉപയോഗിക്കുന്ന രീതി (ഉദാ. ടാബ്‌ലെറ്റ്, ഇഞ്ചക്ഷൻ)
8. കൊണ്ടുപോകുന്ന അളവ് അല്ലെങ്കിൽ പായ്ക്ക് വലുപ്പം
താഴെപറയുന്ന രേഖകൾ കൂടെ സമർപ്പിക്കേണ്ടതുണ്ട്. അവ കൈവശം ഉണ്ടെന്ന് ഉറപ്പുവരുത്തുക.
1.സാധുവായ ഒരു മെഡിക്കൽ കുറിപ്പടി
2. രോഗാവസ്ഥ സ്ഥിരീകരിക്കുന്ന ഒരു മെഡിക്കൽ റിപ്പോർട്ട്
3. തിരിച്ചറിയൽ രേഖ (പാസ്‌പോർട്ട് അല്ലെങ്കിൽ ഇക്കാമ പോലുള്ളവ)
4. മരുന്ന് കൊണ്ടുപോകുന്നതിന് തയ്യാറണെന്ന സമ്മത പത്രം
അപേക്ഷ സമർപ്പിക്കുന്ന വിധം
റെജിസ്ട്രേഷൻ സമയത്ത് നൽകിയ വിവരങ്ങൾ ഉപയോഗിച്ചു https://www.sfda.gov.sa/en എന്ന സൈറ്റിൽ ലോഗിൻ ചെയ്യുക. നിങ്ങളുടെ മൊബൈലിലേക്ക് വരുന്ന OTP നൽകുക.
തുടർന്ന് താഴെ പറയുന്ന വിവരങ്ങൾ നൽകുക.
1. മരുന്ന്സ്വന്തം ആവശ്യത്തിന് ആണോ അല്ലയോ എന്നത് അടയാളപ്പെടുത്തുക
2. മറ്റുള്ളവർക്ക് വേണ്ടി ആണ് എങ്കിൽ അവരുടെ പൂർണ്ണവിവരങ്ങൾ രേഖപ്പെടുത്തുക
3. സൗദിയിലേക്ക് കൊണ്ട് വരുന്നതിന് ആണോ അതോ ഇവിടെ നിന്ന് കൊണ്ട് പോകുവാൻ ആണോ എന്നത് അടയാളപ്പെടുത്തുക
4. യാത്രയുടെ തിയതി, പുറപ്പെടുന്ന സ്ഥലം, എത്തിച്ചേരുന്ന സ്ഥലം എന്നിവ രേഖപ്പെടുത്തുക
5. ആവശ്യപ്പെട്ട രേഖകൾ അപ്ലോഡ് ചെയ്യുക
6. മരുന്നിനെ കുറിച്ചുള്ള വിവരങ്ങൾ നൽകുക
7. കൂടുതൽ മരുന്നുകൾ ഉണ്ടെങ്കിൽ Add another item എന്നതിൽ ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങൾ നൽകുക.
8. യാത്ര ചെയ്യുന്ന ആളുടെ സമ്മതപത്രം അപ്ലോഡ് ചെയ്യുക.
9. അപേക്ഷകനോ അവരുടെ പരിചരണത്തിലുള്ള മറ്റൊരു രോഗിക്കോ മെഡിക്കൽ ഉപയോഗത്തിനായി മരുന്നുകൾ ആവശ്യമാണെന്ന് വ്യക്തമായ കാരണം ബോധിപ്പിക്കുക.
10. നൽകിയ സെക്യൂരിറ്റി കോഡ് ടൈപ്പ് ചെയ്‌തശേഷം അപേക്ഷ സമർപ്പിക്കാവുന്നതാണ്.
നൽകിയ അപേക്ഷയുടെ സ്ഥിതിവിവരം ഇതേ സൈറ്റിൽ തന്നെ പരിശോധിക്കാനുള്ള സൗകര്യം ഉണ്ട്. അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ, അനുമതി പത്രം ഡൗൺലോഡ് ചെയ്‌ത് പ്രിന്റ് കോപ്പി കൈവശം വെക്കേണ്ടതാണ്.
വിട്ടുമാറാത്ത രോഗങ്ങളോ സങ്കീർണ്ണമായ മെഡിക്കൽ ആവശ്യങ്ങളോ ഉള്ള പ്രവാസികൾക്ക് ആവശ്യമായ മരുന്നുകൾക്ക് അംഗീകാരങ്ങൾ നേടാൻ പ്രാപ്തമാക്കുന്ന സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ നടപടി ക്രമങ്ങൾ പാലിക്കാൻ മുഴുവൻ പ്രവാസികളും ശ്രദ്ധിക്കേണ്ടതാണ്.