34.2 C
Saudi Arabia
Thursday, August 21, 2025
spot_img

പൊരുതി നേടിയ ജനാധിപത്യ ഇന്ത്യയെ കാത്തുസൂക്ഷിക്കണം: ദമ്മാം ഒഐസിസി

ദമ്മാം: ഒഐസിസി ഈസ്റ്റേൺ പ്രൊവിൻസ് പാലക്കാട് ജില്ലാ കമ്മിറ്റി സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ദമ്മാം റോസ് ഗാർഡൻ ആഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നൂറുകണക്കിന് പ്രവർത്തകർ സംബന്ധിച്ചു. സ്വാതന്ത്ര്യ ദിന ആശയങ്ങളുമായി ബന്ധപ്പെട്ടുള്ള കുട്ടികളുടെ കലാപരിപാടികകൾ, ക്വിസ്സ് മത്സരം,ഗാനമേള തുടങ്ങിയവ പരിപാടിക്ക് മികവേകി.

ജില്ലാ പ്രസിഡന്റ് ശ്യാംപ്രകാശിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസകാരിക സമ്മേളനം ഒഐസിസി ഈസ്റ്റേൺ പ്രൊവിൻസ് ആക്ടിംഗ് പ്രസിഡന്റ് വിൽ‌സൺ തടത്തിൽ ഉത്‌ഘാടനം ചെയ്തു. സ്വാതന്ത്ര്യ സമരത്തിന്റെ ഓർമ്മകൾ ജ്വലിച്ചു നിൽക്കിന്ന ഈ സുദിനത്തിൽ, നമ്മുടെ മുൻഗാമികൾ സ്വപ്നം കണ്ടതുപോലെ ഒരു ഇന്ത്യയെ കെട്ടിപ്പടുക്കാൻ നമുക്ക് ശ്രമിക്കാം. വോട്ടവകാശം സംരക്ഷിച്ചും, ജനാധിപത്യ മൂല്യങ്ങളെ മുറുകെ പിടിച്ചും, സുതാര്യവും നീതിയുക്തവുമായ ഒരു ഭരണസംവിധാനം ഉറപ്പാക്കാൻ നമുക്ക് ഒന്നിച്ച് പ്രവർത്തിക്കാമെന്നു അദ്ദേഹം പറഞ്ഞു.

ഒഐസിസി സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല മുഖ്യ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. “പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം” എന്ന് കുമാരനാശാൻ പറയുന്നതു പോലെ അടിമത്വവും പാരതന്ത്ര്യവും മരണത്തേക്കാൾ ഭീതി ജനിപ്പിക്കുന്നതാണ്. സ്വാതന്ത്ര്യത്തോടെ ജീവിക്കുക എന്നതാണ് ഏതൊരു പൗരൻ്റെയും അടിസ്ഥാന അവകാശം.രാജ്യം മുഴുവനായും വോട്ട് ചോരി’യുടെ നിഴലിലാകുമ്പോൾ, സ്വാതന്ത്ര്യത്തോടെ വോട്ട് ചെയ്യുക ചെയ്യുക എന്ന പൗരൻ്റെ അവകാശമാണ് ഹനിക്കപ്പെടുന്നത്. വോട്ട് ചോരി’ എന്ന രാഹുൽ ഗാന്ധി രാജ്യത്തിന് മുൻപിൽ അവതരിപ്പിച്ച യാഥാർഥ്യം ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിത്തറയെ തന്നെ ചോദ്യം ചെയ്യുകയാണ്.

സ്വാതന്ത്ര്യത്തിന്റെ സുന്ദരമായ ദിനത്തിൽ പോലും, നമ്മുടെ ജനാധിപത്യ പ്രക്രിയയുടെ സുതാര്യതയെക്കുറിച്ചുള്ള ആശങ്കകൾ ഉയർന്നു നിൽക്കുന്നു. നൂറ്റാണ്ടുകൾ നീണ്ട ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വം നൽകി സ്വാതന്ത്ര്യം നേടിയത് കേവലം ഭരണം മാറ്റാൻ വേണ്ടിയായിരുന്നില്ല. അത് ഒരു പുതിയ രാഷ്ട്രം കെട്ടിപ്പടുക്കാനുള്ള സ്വപ്നമായിരുന്നു. നീതിയും സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും ഉറപ്പാക്കുന്ന ഒരു ജനാധിപത്യ രാഷ്ട്രം. ഈ ഭരണത്തിൻ കീഴിൽ ഇന്ന് അതെല്ലാം നമുക്ക് നഷ്ടമായിരിക്കുന്നു.

ജനാധിപത്യം എന്നത് ഒരു കെട്ടിടം പോലെയാണ്. അതിന്റെ അടിത്തറ നീതിയും സത്യസന്ധതയുമാണ്. ഈ അടിത്തറയിൽ വിള്ളലുകൾ വീഴുമ്പോൾ കെട്ടിടം മുഴുവൻ അപകടത്തിലാകാം. ‘വോട്ട് ചോരി’ ഈ വിള്ളലുകളെക്കുറിച്ചുള്ള മുന്നറിയിപ്പുകളാണ്. രാജ്യത്തിന്റെ മതേതരത്വ ജനാതിപത്യ അടിത്തറ ഉറപ്പിക്കാനുള്ള, പൊരുതി നേടിയ ജനാധിപത്യ ഇന്ത്യയെ കാത്തുസൂക്ഷിക്കാനുള്ള രാഹുൽ ഗാന്ധിയുടെ പോരാട്ടത്തിനൊപ്പം നിൽക്കുക എന്നുള്ളതാണ് ഈ വർഷത്തെ ഏറ്റവും വലിയ സ്വാതന്ത്ര്യ ദിനസന്ദേശം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഒഐസിസി ഈസ്റ്റേൺ പ്രൊവിൻസ് സംഘടനാ ചുമതല ഉള്ള ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം, ഗ്ലോബൽ പ്രതിനിധി സിറാജ് പുറക്കാട്, ഈസ്റ്റേൺ പ്രൊവിൻസ് ട്രഷറർ പ്രമോദ് പൂപ്പല, പാലക്കാട് ജില്ലയുടെ ചുമതല ഉള്ള ഈസ്റ്റേൺ പ്രൊവിൻസ് ഭാരവാഹികൾ ആയ ഷിജില ഹമീദ്, സി റ്റി ശശി, ഈസ്റ്റേൺ പ്രൊവിൻസ് സെക്രട്ടറി രാധിക ശ്യാംപ്രകാശ് എന്നിവർ ആശംസ അറിയിച്ചു. പാലക്കാട് ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി അബ്‌ദുൾ ഹക്കിം തത്തമംഗലം സ്വാഗതവും, സെക്രട്ടറി സന്തോഷ് നന്ദിയും പറഞ്ഞു.

ഷമീർ കൊല്ലംകൊട്, സിറാജ് പണ്ടാരക്കോട്ടിൽ, ഇംതിയാസ്, മുസ്തഫ, ഹരിദാസ് പാലക്കാട്, നൗഫൽ, സവാദ്, ഹരിദാസ് ചെറുതുരുത്തി, നാരായണൻ കുട്ടി എന്നിവർ നേതൃത്വം നൽകി. ബിനു പി ബേബി ക്വിസ് മത്സരങ്ങൾ നിയന്ത്രിച്ചു. ടീം ബോധം ഗാനമളേ അവതരിപ്പിച്ചു. നിധി രതീഷ് അവതാരക ആയിരുന്നു.

 

Related Articles

- Advertisement -spot_img

Latest Articles