പാലക്കാട്: പാലക്കാട് എംഎൽഎയും കോൺഗ്രസ് നേതാവുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ശബ്ദരേഖക്ക് പിന്നിൽ ബിജെപി ഗൂഢാലോചന നടത്തിയതായി സംശയമുണ്ടെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ആരോപണവുമായി വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആരോപണം ഉന്നയിച്ചവർ പാലക്കാട് ജില്ലാ അധ്യക്ഷനുമായി സംസാരിച്ചതായി വ്യക്തമാക്കിയിട്ടുണ്ട്. ജില്ലാ അധ്യക്ഷൻറെ പൂർവകാല ചരിത്രം പരിശോധിക്കണമെന്നും യുവമോർച്ചയിൽ നിന്നും മാറ്റിനിർത്തിയതിൻറെ കാരണം വ്യക്തമാക്കണമെന്നും സന്ദീപ് വാര്യർ ആവശ്യപ്പെട്ടു.
വിവാദത്തിന് മുമ്പ് ട്രാൻസ് വനിതയായ അവന്തിക തനിക്ക് ഒരു സ്‌ക്രീൻ ഷോട്ട് അയച്ചിരുന്നതായി പ്രശാന്ത് ശിവൻ വാർത്താ സമ്മേളനത്തിൽ വെളിപ്പെടുത്തി. ആരോപണവുമായി ധൈര്യമായി മുന്നോട്ട് പോകാൻ താൻ അവന്തികയോട് പറഞ്ഞിരുന്നതായും പ്രശാന്ത് വ്യക്തമാക്കിയിരുന്നു. എന്നാൽ അവന്തികയുടെ ആരോപണങ്ങൾ നിഷേധിച്ചു രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തി. തന്നെ കുടുക്കാൻ ശ്രമം നടക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. തനിക്ക് മോശം അനുഭവം ഉണ്ടായിട്ടില്ലെന്ന് അവന്തിക ഒരു ചാനൽ റിപ്പോർട്ടറോട് പറയുന്ന ഫോൺ കോളിന്റെ ഓഡിയോയും ക്ലിപ് രാഹുൽ പുറത്തുവിട്ടിരുന്നു.
ഇതിനോട് പ്രതികരിച്ച അവന്തിക രാഹുൽ പുറത്തുവിട്ട ഓഡിയോ ക്ലിപ് തന്റേത് തന്നെയാണെന്ന് സ്ഥിരീകരിച്ചു. മാധ്യമ പ്രവത്തകനുമായി സംസാരിച്ച ദിവസം വിവാദങ്ങൾ ഉയർന്നിരുന്നില്ലെന്നും ആ സമയത്ത് തനിക്ക് ഭയമുണ്ടായിരുന്നുവെന്നും അവന്തിക വ്യക്തമാക്കി. ഒരു നടിയുടെ വെളിപ്പടുത്തലിന് ശേഷമാണ് തനിക്ക് പ്രതികരിക്കാൻ ധൈര്യം ലഭിച്ചതെന്നും രാഹുൽ ഇപ്പോഴും ഭീഷണി സ്വരത്തിൽ സംസാരിക്കുന്നുവെന്നും അവന്തിക ആരോപിച്ചു.