കോഴിക്കോട്: 2019ൽ യുവാവിനെ കാണാതായ സംഭവത്തിൽ വഴിത്തിരിവ്. കോഴിക്കോട് എലത്തൂർ സ്വദേശിയുടെ തിരോധാനവുമായി ബന്ധപ്പെട്ടാണ് പുതിയ വെളിപ്പെടുത്തൽ. എലത്തൂർ സ്വദേശി വിജിൽ മരിച്ചതായി സുഹൃത്തുക്കൾ പോലീസിൽ മൊഴി നൽകി. വിജിലിനെ പിന്നീട് കുഴിച്ചുമൂടിയതായും മൊഴിയിൽപറയുന്നു. എന്നാൽ വിജിലിനെ കൊന്നതല്ലെന്നാണ് സുഹൃത്തുക്കൾ അറിയിച്ചത്. കേസുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളായ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒരാൾ കൂടി പിടികൂടാനുണ്ടെന്ന് പോലീസ് അറിയിച്ചു.
യുവാവ് ലഹരി ഉപയോഗിക്കുന്നതിനിടെ മരിച്ചു. തുടർന്ന് മൃതദേഹം സരോവരം ഭാഗത്ത് കുഴിച്ചു മൂടി എന്നാണ് സുഹൃത്തുക്കൾ മൊഴി നൽകിയത്, സുഹൃത്തുക്കളായ നിജിൽ, ദീപേഷ്, എന്നിവരെയാണ് എലത്തൂർ പോലീസ് കസ്റ്റഡിയിലെടുത്തത്.
2019 ലാണ് വിജിലിനെ കാണാതാവുന്നത്. തുടർന്ന് പോലീസ് അന്വേഷണം നടത്തിയെങ്കിലും ഇതുവരെ കണ്ടത്താനായിരുന്നില്ല. സംഭവം നടന്ന് ആറ് വർഷത്തിന് ശേഷമാണ് നിർണ്ണായക വെളിപ്പെടുത്തൽ ഉണ്ടായത്. കൊലപാതകം അല്ലെന്നാണ് മൊഴിയെങ്കിലും പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.